കൊറോണയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 11,092 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി: സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

2020-21 കാലത്തെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടിന്റെ ആദ്യ ഗഡു എന്ന നിലയില്‍ അടിയന്തിര സഹായം എന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗനിര്‍ണയത്തിനും ചികിത്സക്കുമായി ഫണ്ട് വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ നല്‍കിയ ഉറപ്പിന് പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടിന്റെ (എസ്ഡിആര്‍എംഎഫ്) കീഴില്‍ 11,092 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ക്വാറന്റൈന്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കല്‍, സാമ്ബിള്‍ ശേഖരണം, അധിക പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വ്യക്തി സംരക്ഷണ ഉപകരണങ്ങള്‍ വാങ്ങുക, മുനിസിപ്പാലിറ്റി, പോലീസ്, അഗ്നിശമന സേന, തെര്‍മ്മല്‍ സ്‌കാനര്‍, വെന്റിലേറ്ററുകള്‍, എയര്‍ പ്യൂരിഫയര്‍, സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്കായി തുക ചിലവഴിക്കാമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *