സമ്മതപത്രം വാങ്ങിമാത്രമേ സാലറി ചലഞ്ച് നടത്താന്‍ പാടുള്ളൂ:മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം; സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും സമ്മതപത്രം വാങ്ങിമാത്രമേ സാലറി ചലഞ്ച് നടത്താന്‍ പാടുള്ളൂവെന്നും മറിച്ചുള്ള  നടപടി സ്വീകരിക്കാന്‍ പ്രയാസമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സാമ്പത്തികമായി ഏറെ ബുദ്ധമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരില്‍ എല്ലാവിഭാഗത്തിലും സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ചികിത്സാ ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, വിലക്കയറ്റം എന്നിവ കൊണ്ട് പ്രയാസം അുഭവിക്കുന്ന ജീവനക്കാരെയും അധ്യാപകന്‍മാരെയും നിര്‍ബന്ധിത സാലറി ചലഞ്ചിന്റെ പേരില്‍ പീഢിപ്പിക്കാന്‍ പാടില്ല. കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരേയും പോലീസുകാരേയും ചെറിയ ശമ്പളത്തില്‍  ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ സര്‍ക്കാര്‍ ജീവനക്കാരെയും നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രളയഫണ്ട് വിനിയോഗം സംബന്ധിച്ച് ആക്ഷേപങ്ങളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഓഖി, ഒന്നും രണ്ടും പ്രളയങ്ങള്‍ എന്നിവയുടെ ദുരന്തം പേറുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസം എത്തിക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞില്ല. പ്രളയകാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സാമ്പത്തികസഹായം പോലും കിട്ടാതെ പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്. അര്‍ഹരായ പലര്‍ക്കും ആശ്വാസസഹായം കിട്ടിയില്ലെന്ന് മാത്രമല്ല പട്ടികയില്‍ ഇടം പിടിച്ചവരില്‍ അനര്‍ഹരുമുണ്ടായിരുന്നു. സംസ്ഥാനത്ത് ഉടനീളം നടന്ന പ്രളയഫണ്ട് തട്ടിപ്പുകേസില്‍ പ്രതികള്‍ സി.പി.എമ്മുകാരാണ്.പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ വഞ്ചന കാട്ടിയ  സിപിഎമ്മുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയായിരുന്നു വേണ്ടത്. സര്‍ക്കാരിന്റെ പ്രളയഫണ്ട് പിരിവില്‍ സുതാര്യതയും വിശ്വാസതയും അല്‍പ്പം പോലുമില്ല. അതുകൊണ്ട് തന്നെ ദുരിതാശ്വാസ നിധി സംബന്ധമായി സ്വദേശത്തും വിദേശത്തും സമാഹരിച്ച സംഖ്യയുടെ വരവ് ചെലവ് സംബന്ധമായി ഒരു ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറായെ മതിയാകൂയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *