മരിച്ചവരുടെ എണ്ണം 47, 194 ; ബ്രിട്ടനിൽ മരിച്ചവരിൽ മലയാളി കന്യാസ്ത്രീയും

ലണ്ടൻ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47, 194 ആയി. ആകെ രോഗികള്‍ 9,35, 431 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ്സാണ് മുന്നില്‍. 2,10,000ത്തിലേറേ പേർക്ക് ഇതുവരെ രോഗം സ്ഥികീരിച്ചു. 5,102 പേരാണ് മരിച്ചത്. 13,155 പേര്‍ മരിച്ച ഇറ്റലിയില്‍ 1,10,000ത്തിലേറേ പേർക്കു രോഗമുണ്ട്.

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ മലയാളി ഡോക്ടർ ഹംസ പാച്ചേരിയും (80) സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ സിയന്നയുമാണ് മരിച്ചത്. ഇന്നലെ രാവിലെ ബർമിംങ്ങാം എൻഎച്ച്എസ് ആശുപത്രിയിൽവച്ചാണ് ഹംസ മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം യുകെയിൽതന്നെ നടത്തും. ഡോക്ടറുടെ ഭാര്യയും  കോവിഡ് ബാധിച്ച് ചികിത്സയിലാണ്. സ്വാൻസീയിൽ വച്ചാണ് സിസ്റ്റർ സിയന്നയുടെ മരണം.

കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടാം ബാച്ചുകാരനായ ഡോ.ഹംസ 40 വർഷം മുമ്പാണ്  ബ്രിട്ടനിലെത്തിയത്. രണ്ടുപേർക്കാണ് സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. ഇവർ സംസ്കാരചടങ്ങിനുശേഷം 14 ദിവസം ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്. ബ്രിട്ടനിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 563 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2352 ആയി. 29,474 പേർക്കാണ് ഇതുവരെ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ പതിനായിരത്തിലേറെ പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് നാലായിരത്തിലധികം പേർക്കാണ്.

ഇതോടെ കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ആറായി. ബ്രിട്ടനിലെ രണ്ടു മരണങ്ങൾക്കു പുറമേ യുഎസിൽ രണ്ടു മലയാളികളും ദുബായിലും മുംബൈയിലും ഒരാൾ വീതവുമാണ് മരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *