കാസര്‍കോട് മംഗളുരു ദേശീയപാത ഉടന്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കാസര്‍കോട് മംഗളുരു ദേശീയപാത ഉടന്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക് മംഗളുരുവിലേക്ക് പോകാന്‍ സൗകര്യമൊരുക്കണം. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകയ്ക്ക് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേശീയപാത കേന്ദ്രസര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

കാസര്‍കോട് മംഗളുരു അതിര്‍‍ത്തിയില്‍ ദേശീയപാത അടച്ചത് ഉടന്‍ തുറക്കണം. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകയ്ക്ക് അധികാരമില്ല. ദേശീയപാതയുടെ ഭാഗമായ അനുബന്ധ റോഡുകളും തുറക്കണം. അടിയന്തര ചികിത്സ ആവശ്യമായവരെ മംഗളുരുവിലേക്കു പോകാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കേരള ഹൈക്കോടതിയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന കര്‍ണാടകയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാർ അധ്യക്ഷനായ ബഞ്ച് തള്ളി.

ഇത് ജനങ്ങളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. മൗലികാവശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരള ഹൈക്കോടതി ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കര്‍ണാടക സ്വീകരിക്കുമെന്ന് കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തേ കോടതി ഇടപെടലിനു പിന്നാലെ  ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സമവായ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടകയുടെ കടുംപിടിത്തത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇതോടെയാണ് ഹൈക്കോടതി വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *