ചരക്ക് നീക്കത്തിന് തടസമില്ല; അവശ്യ വസ്തുക്കള്‍ അല്ലാത്തവയും കൊണ്ടുപോകാം

ന്യൂഡല്‍ഹി:രാജ്യവ്യാപക ലോക്ക് ഡൗണിനിടെ ചരക്ക് നീക്കത്തിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അവശ്യ വസ്തുക്കളും അല്ലാത്തവയും വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കാമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി.

പത്ര വിതരണം, പാല്‍ സംഭരണം – വിതരണം, പലചരക്ക് സാധനങ്ങളുടെയും ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെയും വിതരണം എന്നിവയെല്ലാം അനുവദിക്കണം. പാല്‍ വിതരണവുമായി ബന്ധപ്പെട്ട പായ്ക്കിങ് വസ്തുക്കളുടെ വിതരണം അടക്കമുള്ളവ അനുവദിക്കണം.

അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനും തടസമുണ്ടാകരുത്. സോപ്പ്, ഹാന്‍ഡ് വാഷ്, അണുനാശിനികള്‍, ഷാംപു, അലക്കുപൊടി, ടിഷ്യൂ പേപ്പര്‍, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍, ബാറ്ററികള്‍, ചാര്‍ജര്‍ എന്നിവയെല്ലാം വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കണം.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ക്കും ഭവന രഹിതര്‍ക്കും ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണവും അവശ്യ വസ്തുക്കളും നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *