ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
തൊടുപുഴ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഞായറാഴ്ച ലഭിച്ച ഫലത്തിലാണ് ഇദ്ദേഹത്തിനു കോവിഡ് മുക്തി ലഭിച്ചതായി വ്യക്തമാകുന്നത്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇദ്ദേഹത്തിന് വീട്ടിലേക്കു മടങ്ങാം. എന്നിരുന്നാലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.
കോവിഡ് സ്ഥിരീകരിച്ച ഉസ്മാന് ആയിരത്തിലധികം പേരുമായി ഇടപഴകിയതായി ഇടുക്കി ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ പേരു മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണം എന്ന് ഉസ്മാന് ഇടുക്കി കളക്ടറോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇടുക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമാണ് ഉസ്മാന്. ഐഎന്‍ടിയുസിയുടെ വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ്.
ഇടുക്കി ജില്ലയില്‍ ഇദ്ദേഹം അടുത്തിടപഴകിയ 260 പേരോടു ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ ജനപ്രതിനിധികളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനിലാണ്. ഫെബ്രുവരി 29 മുതല്‍ രോഗം സ്ഥിരീകരിച്ച ഈ മാസം 26 വരെയുള്ള ദിവസങ്ങളില്‍ എ.പി. ഉസ്മാന് നടത്തിയ യാത്രകള്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഇന്നലെ തയാറാക്കിയ സഞ്ചാരപഥവും പുറത്തുവിട്ടു.
ഇടുക്കി ജില്ലയ്ക്കു പുറത്തു നിന്നാണു ഉസ്മാനു രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. പെരുന്പാവൂരില്‍ ഉസ്മാന് ഈ മാസം ഏഴിന് താമസിച്ചിരുന്നു എന്നു കണ്ടെത്തിയതായും കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരന് ഉള്‍പ്പെടെ 3 പേര്‍ക്കാണു നിലവില്‍ ഇടുക്കി ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചത്.