ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോള്‍ നല്‍കണം:സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊറോണോ പടരുന്ന പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് സുപ്രീം കോടതി. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും വിചാരണ തടവുകാര്‍ക്കും ആണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.

പരോള്‍ നല്‍കേണ്ടവരുടെ പട്ടിക തയ്യാര്‍ ആക്കാന്‍ സംസ്ഥാനങ്ങളില്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ ആയിരിക്കണം സമിതിയുടെ അധ്യക്ഷന്‍. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതല ഉളള ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ ആകും സമിതിയിലെ മറ്റ് അംഗങ്ങള്‍.

ജയിലുകളില്‍ കൊറോണ വയറസ് പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കണം എന്നും ചീഫ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. തടവ് പുള്ളികള്‍ക്ക് മാസ്‌കുകളും, സാനിറ്ററൈസുകളും ലഭ്യമാക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഇതിനിടെ തിരക്ക് കുറയ്ക്കുന്നതിനായി ജയില്‍ പുള്ളികള്‍ക്ക്‌ വീഡിയോ കോണ്‍ഫെറന്‍സിലൂടെ കുടുംബാംഗങ്ങളും ആയി സംസാരിക്കാന്‍ ഉള്ള സൗകര്യം ഒരുക്കും എന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തടവുകാരുടെ അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് ആണ് സൗകര്യം ഏര്‍പ്പെടുത്തുക എന്നും കേരളം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *