രാഷ്ട്രീയ മുതലെടുപ്പിനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയം : വി.മുരളീധരൻ

 വി.മുരളീധരന്‍
( കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി)
കൂടുതലാളുകളിലേക്ക് കൊവിഡ് 19 പകർന്നതോടെ, നമ്മുടെ രാജ്യമിപ്പോൾ  ആരോഗ്യമേഖലയിലെ യുദ്ധസമാനമായ  സാഹചര്യത്തെ  ഒറ്റക്കെട്ടായി നേരിടുകയാണ്. എന്നാൽ, അതിനിടയിലും രോഗബാധ അതിതീവ്രമായ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ വൈകുന്നുവെന്ന് പ്രചരിപ്പിച്ച്, രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്   കേരളത്തിലെ സര്‍ക്കാറും പ്രതിപക്ഷവും. നിയമസഭയിൽ ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, “രോഗിയായതുകൊണ്ട് ആളുകളെ കയ്യൊഴിയാമോ” എന്നു ചോദിച്ച് കേന്ദ്ര സർക്കാരിനെ വസ്തുതാ വിരുദ്ധമായി കടന്നാക്രമിക്കുന്നത് കണ്ടു. ഇത് തീര്‍ത്തും അപലപനീയമാണ്.അങ്ങനെയൊരു സമീപനം ഈ സർക്കാരിനില്ല.
കൊവിഡ് 19 പടരുന്ന സാഹചര്യത്തെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.  പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രി തല സമിതി രൂപീകരിച്ചിട്ടുണ്ട്. വിദേശകാര്യ , ആഭ്യന്തര, വ്യോമയാന, പ്രതിരോധ മന്ത്രിമാര്‍ സമിതിയില്‍ അംഗങ്ങളാണ്.
 ഇറ്റലിയിലെ ഡോക്ടര്‍മാര്‍  ആളുകളെ പരിശോധിക്കാനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും തയ്യാറാവുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍ വന്നപ്പോഴാണ് ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അയക്കാന്‍ മന്ത്രിതല സംഘം തീരുമാനിച്ചത്. മെഡിക്കല്‍ സംഘം പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നവരെ തിരികെ കൊണ്ടുവരും. രോഗബാധയുള്ളവര്‍ക്ക് ഇറ്റലിയില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കും. ചൈനയിലും ജപ്പാനിലും ഇറാനിലും കുടുങ്ങിയ ആളുകളെ തിരിച്ചെത്തിച്ചത് ഈ സംഘത്തിന്റെ തീരുമാനപ്രകാരമാണ്. കൊവിഡ് ബാധിച്ച രാജ്യങ്ങളിലുള്ളവരെ തിരികെ എത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന മാധ്യമ വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. കേന്ദ്ര സർക്കാർ ചെയ്യുന്നതെല്ലാം മറച്ചു വച്ച് സ്ഥാപിത താത്പര്യത്തോടെ റിപ്പോർട്ട് ചെയ്യുന്ന രീതി ഈ മഹാ വ്യാധിയുടെ കാര്യത്തിലെങ്കിലും മാറ്റിവയ്ക്കാൻ മാധ്യമങ്ങൾ തയ്യാറാകുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *