ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19നെ പൂര്‍ണ്ണമായി പ്രതിരോധിക്കുന്നതിന് 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പഠനം. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ജനതയുടെ പ്രായം, സാമൂഹ്യമായ ഇടപെടല്‍ രീതികള്‍, ജനസംഖ്യ തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനമുള്ളത്.

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഇന്ത്യക്കാരായ ​ഗവേഷകരാണ് ഇത്തരമൊരു പഠനം നടത്തിയത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താനാവില്ല. മൂന്നാഴ്ചയ്ക്ക് ശേഷവും വൈറസ് വീണ്ടും ശക്തമായി വ്യാപിക്കാന്‍ സാധ്യതയുണ്ട്.

അതുകൊണ്ട് ഇടയ്ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് 49 ദിവസം വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. വരുംദിവസങ്ങളിലെ രോഗവ്യാപനത്തിന്റെ തോത് കൂടി കണക്കിലെടുത്തു വേണം ഇക്കാര്യം തീരുമാനിക്കാനെന്നും ഗവേഷകര്‍ പറയുന്നു.

ജനങ്ങളുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ ഇടപെടല്‍ വിവരങ്ങളാണ് പഠനത്തിന് അടിസ്ഥാനം. ഇന്ത്യക്കാരുടെ സാമൂഹ്യ ഇടപെടല്‍ രീതി വൈറസ് വ്യാപനത്തിന് എത്രമാത്രം ഇടയാക്കുന്നു, വിപുലമായ രീതിയിലുള്ള സാമൂഹ്യ അകലംപാലിക്കല്‍ നടപടികള്‍ക്കൊണ്ട് വൈറസിനെ എത്രമാത്രം പ്രതിരോധിക്കാനാകും തുടങ്ങിയ കാര്യങ്ങളും പഠനം പരിശോധിക്കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് എത്ര ദിവസങ്ങള്ള്‍ നീളുന്ന ലോക്ക് ഡൗണ്‍ നടപടികള്‍ കൊണ്ട് വൈറസ് ബാധയെ ചെറുക്കാനാകുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുന്നത്.

സാമൂഹ്യമായ അകലം പാലിക്കല്‍ കൊണ്ട് എത്രമാത്രം കോവിഡ് 19 രോഗത്തെ അകറ്റിനിര്‍ത്താനാവും എന്നാണ് ഗണിതശാസ്ത്ര മോഡലുകളിലൂടെ പഠനത്തില്‍ പരിശോധിക്കുന്നത്. ഓഫീസ് ജോലികള്‍ വീടുകളിലിരുന്ന് ചെയ്യല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുക്കല്‍, എന്നിവയടക്കമുള്ള നടപടികളെ പഠനത്തില്‍ വിലയിരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *