കൊറോണ: പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍

കൊറോണ വൈറസ് ബാധയുടെ നിലവിലുള്ള സ്ഥിതിയനുസരിച്ച് പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. പരമാവധി മാസ്‌ക്കുകളുടെ ദുരുപയോഗം ഒഴിവാക്കണം. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് കടുത്ത രോഗലക്ഷണമുള്ളവര്‍, രോഗികള്‍, അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ മാസ്‌ക് ധരിച്ചാല്‍ മതിയാകും. എന്നാല്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരായി മാസ്‌ക് വാങ്ങാന്‍ തിരക്കുകൂട്ടുന്നതുമൂലം മാസ്‌കിന്റെ ലഭ്യത കുറയുന്ന സാഹചര്യമുണ്ട്. തലവേദന, പനി, ജലദോഷം തുടങ്ങിയവയ്ക്ക് ചികിത്സ അത്യാവശ്യമായി വരുന്നവര്‍ മാത്രം ആശുപത്രി സന്ദര്‍ശിച്ചാല്‍ മതിയാകും. രോഗികളെ കാണാന്‍ സന്ദര്‍ശകരായെത്തുന്നത് മാര്‍ച്ച് 31 വരെ ഒഴിവാക്കണം. പ്രതിരോധ നടപടികള്‍ക്കായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ആരോഗ്യരംഗം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പിക്കാന്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി കളക്ടര്‍ യോഗം ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ഐഎംഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സോഷ്യല്‍ മീഡിയ: ഔദ്യോഗിക സന്ദേശങ്ങള്‍ ശ്രദ്ധിക്കുക

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെയും മറ്റും ലഭിക്കുന്ന ആധികാരിക വിവരങ്ങള്‍ മാത്രം ശ്രദ്ധിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. തെറ്റിദ്ധാരണ പരുത്തുംവിധം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച പത്തു കേസുകള്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഫെയ്സ്ബുക്ക് പേജുകളില്‍ ആധികാരിക വിവരങ്ങള്‍ ലഭിക്കും. ബോധവത്കരണ വീഡിയോകള്‍, പോസ്റ്ററുകള്‍, അറിയിപ്പുകള്‍ എന്നിവ ഫെയ്സ്ബുക്ക് പേജുകളില്‍ ലഭ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

കരം സ്വീകരിക്കും

വട്ടിയൂര്‍ക്കാവ് വില്ലേജിന്റെ പഞ്ചായത്ത് പ്രദേശത്തിലെ ബ്ലോക്ക് 24 (ഞ) ന്റെ റീസര്‍വെ അപ്ഡേഷന്‍ ജോലി പൂര്‍ത്തിയായ ഫീല്‍ഡ് നമ്പര്‍ 1 മുതല്‍ 272 വരെയുള്ള റീസര്‍വെ റെക്കോര്‍ഡുകള്‍ മാര്‍ച്ച് 13ന് നടപ്പില്‍ വരുത്താന്‍ ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. മാര്‍ച്ച് 13 മുതല്‍ വില്ലേജ് ഓഫീസിലും സബ്രജിസ്ട്രാര്‍ ഓഫീസിലും പുതുതായി നിലവില്‍ വന്ന റീസര്‍വെ നമ്പരുകളുടെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കും. വസ്തുക്കളുടെ രജിസ്ട്രേഷനുകളും കൈമാറ്റങ്ങളും പോക്കുവരവ് കാര്യങ്ങളും റീസര്‍വെ നമ്പറിന്റെ അടിസ്ഥാനത്തില്‍ മാത്രം മാര്‍ച്ച് 13 മുതല്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *