സംസ്ഥാനത്ത് 3313 പേർ നിരീക്ഷണത്തിൽ, 889 സാംപിൾ നെഗറ്റീവ്: മന്ത്രി ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത്  പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.  ലഭിച്ച എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. 1179 സാംപിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 889 സാംപിളുകളുെട ഫലം നെഗറ്റീവാണ്. 273 സാംപിളുകളുടെ ഫലം കിട്ടാനുണ്ട്. നാളത്തേക്ക് വീണ്ടും സാംപിളുകൾ അയച്ചു കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പത്തനംതിട്ടയിൽ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ടയിൽ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെതുടർന്നു വിളിച്ചത് 70 പേരാണ്. ഇവരിൽ 15 പേർ പ്രൈമറി ലിസ്റ്റിൽ ഉള്ളവരാണ്. ഇവരിൽ ഒരാൾക്ക് രോഗലക്ഷണമുണ്ട്. 969 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. 129 പേർ ഹൈ റിസ്ക് വിഭാഗത്തിൽപെടുന്നവരാണ്. അവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരിൽ 13 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോട്ടയത്ത് 60 പേർ നിരീക്ഷണത്തിലാണ്. 24 പേർ പ്രൈമറി കോൺടാക്റ്റിലും 36 പേർ സെക്കൻഡറി കോൺടാക്റ്റിലും ഉൾപ്പെടുന്നവരാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് വിമാനമിറങ്ങിയവർ ഉൾപ്പെടെ എറണാകുളത്ത് 131 പേർ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്ന് കൂടുതൽ ആളുകൾ കൊച്ചിയിൽ എത്തുന്നു. ഒരാളെയും വിട്ടു പോകാതെ വിമാനത്താവളത്തിൽ സ്ക്രീനിങ് നടക്കുന്നുണ്ട്. വിദേശത്തു നിന്ന് എത്തിയവർ ഏതെങ്കിലും വാർഡുകളിൽ താമസിക്കുന്നുണ്ടെങ്കിൽ അറിയിക്കാൻ തദ്ദേശ സർക്കാരുകൾക്കും മറ്റും കർശന നിർദേശം നൽകിയിട്ടുണ്ട്.

ഐസലേഷനിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ ആശുപത്രികളിൽ സൗകര്യം ഒരുക്കും. കൂടുതൽ ആശുപത്രികളിൽ ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കും. രോഗലക്ഷണം ഉള്ളവരും രോഗികളെ നോക്കുന്നവരും മാത്രമേ മാസ്ക് ഉപയോഗിക്കാവൂവെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *