വെടിയുണ്ട: സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ടകൾ കാണാതായതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർ നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെടിയുണ്ടകൾ നഷ്ടപ്പെട്ടെന്ന സി.എ.ജിയുടെ കണ്ടെത്തൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കും. 1990 ജനുവരി മുതൽ 2018 ഒക്ടോബർ 16 വരെയാണ് 12,​061 ഉണ്ടകളുടെ കുറവ് കണ്ടെത്തിയത്. 2015ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മൂന്നംഗ ബോർഡ് പരിശോധിച്ചെങ്കിലും വൻ തോതിൽ കുറവില്ലെന്നാണ് കണ്ടെത്തിയത്. സീൽ ചെയ്തിരുന്ന പെട്ടികൾ തുറക്കാതെ , പുറത്ത് രേഖപ്പെടുത്തിയിരുന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റോക്ക് കണക്കാക്കിയതാണ് കുറവിന് കാരണമായി പറഞ്ഞിരുന്നത്. ഈ വീഴ്ച ലഘൂകരിക്കാനാണ് ബോർഡ് ശ്രമിച്ചത്. ഉണ്ടകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും അത് മൂടിവയ്ക്കാനാണ് മുൻസർക്കാർ ശ്രമിച്ചത്. 2016ലാണ് വീണ്ടും പരിശോധന നടത്തി 11 പൊലീസുകാരെ പ്രതി ചേർത്തത്. 2013 മുതൽ 15 വരെ എസ്.എ.പി ബറ്റാലിയൻ ക്വാർട്ടർ മാസ്റ്റർ ഹവിൽദാറായിരുന്ന ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെടിയുണ്ടകൾ കാണാതായ കേസിൽ മൂന്നാം പ്രതിയായ ഉദ്യോഗസ്ഥനെ മന്ത്രിയുടെ ഗൺമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നത് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. മറ്റു ആംഡ് ബറ്റാലിയനുകളിൽ വെടിക്കോപ്പുകൾ കാണാതായിട്ടുണ്ടോയെന്ന് അന്വേഷിക്കും. സേനയുടെ ആയുധങ്ങൾ ടി.വി ചാനലുകൾക്കും മാദ്ധ്യമങ്ങൾക്കും മുന്നിൽ പ്രദർശിപ്പിച്ചതിൽ അപാകതയില്ല. സി. എ. ജി റിപ്പോർട്ടോടെ, സേനയുടെ തോക്കുകൾ വൻതോതിൽ കാണാതായെന്ന പ്രതീതിയാണുണ്ടായത്. തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന വസ്തുത അറിയിക്കാനാണ് മാദ്ധ്യമങ്ങളെ കാണിച്ചത്. സി. എ. ജി റിപ്പോർട്ടുമായി ബന്ധപ്പട്ട് പ്രതിപക്ഷനേതാവ് തനിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. സി.എ.ജി റിപ്പോർട്ട് സഭയിൽ വരുന്നതിന് മുൻപ് ചോർന്നത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *