ശബ്ദമലിനീകരണം: “പി.എസ്.സി”  കോച്ചിങ് സെന്ററിനെതിരെ നാട്ടുകാര്‍

ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തിനും പുല്ലുവില

കെ.സി.വിശാഖ്


തിരുവനന്തപുരം: പി.എസ്.സി കോച്ചിങ് ബോര്‍ഡ് വച്ച് നടത്തുന്ന സെന്ററുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും വാര്‍ത്തകളും തുടരുമ്പോഴും ചില കോച്ചിങ് സെന്ററുകളിലെ ‘സാറ”ന്മാരുടെ ഉച്ചഭാഷിണിയിലൂടെയുള്ള കോച്ചിങും വിവാദത്തിലേക്ക്.

തമ്പാനൂര്‍ എസ്.എസ്.കോവില്‍ റോഡ് കേന്ദ്രീകരിച്ചാണ് ഇത്തരം പി.എസ്.സി കോച്ചിങ് സെന്ററുകള്‍ യഥേഷ്ടം പ്രവര്‍ത്തിച്ചുവരുന്നത്. ചില സെന്ററുകളില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില ‘സാറ’ന്മാരുടെ ‘പള്ളികോച്ചി’ങാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ശല്യമായി മാറിയിരിക്കുന്നത്.

പേരെടുത്ത ഒരു കോച്ചിങ് സെന്ററിന്റെ  കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് സമീപം കുമിളി റോഡിലുള്ള അനക്‌സില്‍ അടുത്തിടെ ചിലര്‍ ഉച്ചഭാഷിണി ഉപയോഗിച്ച് പഠിപ്പിക്കുന്നതായും ഇത് ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ചു നിരവധി പരാതികളും ലഭിച്ചിരുന്നു. ജില്ലാ കലക്ടറുടെ ഓര്‍ഡര്‍ അനുസരിച്ച് പോലീസ് സ്ഥാപനത്തില്‍ എത്തുകയും ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നിരവധി തവണ വാണിങ് നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ സ്റ്റേഷനില്‍ നിന്ന് താക്കീത് നല്‍കിയശേഷം എസ്.ഐയും മറ്റും മടങ്ങുമ്പോള്‍ വീണ്ടും പഴയപടി ‘കോച്ചിങ്” തുടങ്ങുകയാണ് പതിവെന്ന് വാര്‍ഡ് കൗസിലറും ആരോപിക്കുന്നു.
പോലീസില്‍ നിന്ന് അറിയിപ്പുണ്ടായിട്ടും ശബ്ദം കുറച്ച് പഠിപ്പിക്കാത്തതിനെക്കുറിച്ച് നാട്ടുകാര്‍ ചോദിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെക്കുറിച്ചും സംസ്ഥാന പോലീസിലെ പല എസ്.ഐ മാരും കോണ്‍സ്റ്റബിള്‍മാരും ഇവിടുന്ന് പഠിച്ച് ജോലി നേടിയവരാണെന്നുമാണ് ബന്ധപ്പെട്ട കോച്ചിങ് സെന്ററിന്റെ ചുമതലയുള്ളവര്‍ പറയുന്നു. മൈക്കും മറ്റും ഉപയോഗിക്കാതെ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പഠിപ്പിക്കാന്‍ മോണിറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന പതിവ് പല്ലവി പറഞ്ഞ് അവര്‍ തടിയൂരുകയായിരുന്നു.

അതിനിടെ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം എസ്.എസ്.കോവില്‍ റോഡിലും ഇടറോഡുകളിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്കും കുറവല്ല. സ്ഥാപനത്തിന്റെ അനക്‌സ് പ്രവര്‍ത്തിക്കുന്ന കുമളി റോഡില്‍ പാര്‍ക്കിങ്ങിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയും നോ പാര്‍ക്കിങ് ബോഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും തുടര്‍ന്നും ഇത്തരം മൈക്കിലൂടെയുള്ള സാറന്മാരുടെ ”ആവശകരമായ കോച്ചിങ്’ തുടര്‍ന്നാല്‍ സ്ഥാപനത്തിനെതിരെ ശക്തമായ മറ്റു നിയമനടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

കോച്ചിങ് സെന്റുകളില്‍ ‘പി.എസ്.സി’ എന്ന ബോര്‍ഡ് ഇനി വയ്ക്കാന്‍ പാടില്ല എന്ന് കഴിഞ്ഞ ആഴ്ച പി.എസ്.സി അംഗങ്ങളുടെ യോഗത്തില്‍ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നും ഇത്തരം ബോര്‍ഡുകള്‍ വച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കോച്ചിങ് സെന്റുകളുടെ ബോര്‍ഡുകളില്‍ പിഎസ് സി ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് ശബ്ദമലീനീകരണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തമ്പാനൂര്‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *