കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരുക്ക്

വണ്ടിപ്പെരിയാര്‍: മഞ്ചുമല വില്ലേജ് ഓഫീസിനു മുമ്ബില്‍ കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു . കോട്ടയം ചവിട്ടുവരി തെക്കുംകൂര്‍ കൊട്ടാരത്തില്‍ ശ്രീജിത്ത് വര്‍മ (51), ഭാര്യ ഷീലാ വര്‍മ (49) എന്നിവര്‍ക്കാണ് പരുക്കുപറ്റിയത് . തേക്കടി വനം വകുപ്പിലെ പി.ആര്‍.ഒ.ആണ് ശ്രീജിത്ത്.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം . മഞ്ചുമല വില്ലേജ് ഓഫീസിന്‌ മുന്‍വശത്തുവെച്ചു കോട്ടയത്തുനിന്ന്‌ കുമളിക്ക്‌ പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ് വളവ് തിരിഞ്ഞ് വരുന്നതിനിടെ കാര്‍ നിയന്ത്രണംതെറ്റിവന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്ത് എടുത്തത്. തേക്കടിയില്‍നിന്ന്‌ കോട്ടയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .

Leave a Reply

Your email address will not be published. Required fields are marked *