മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുള്ള അവഗണന അവസാനിപ്പിക്കണം : മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. 150 വര്‍ഷം പിന്നിടുന്ന ഈ കേന്ദ്രത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ആലോചന, കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തയ്യാറാക്കിയ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ്, സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ നിന്നും ലഭിച്ച 20 ചര്‍ക്കകള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സ്‌നേഹസദ്യയും ഇതോടൊപ്പം സംഘടിപ്പിച്ചു.

ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യത്തിനും സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മാനസിക രോഗങ്ങളോടും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുമുള്ള അവഗണന അവസാനിപ്പിക്കേണ്ടതാണ്. മാനസിക രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനാണ് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡിപ്രഷന്‍ ക്ലിനിക് തുടങ്ങിയത്. മറ്റുള്ള ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തി വരുന്നു. കേരളത്തിലെ മൂന്ന് പ്രധാന മാനസികാരോഗ്യ കേന്ദ്രങ്ങളിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *