ഡല്‍ഹി കലാപം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണസംഖ്യ 45 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപബാധിത പ്രദേശത്തുനിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഒരു മൃതദേഹം ഗോകുല്‍പുരി പോലീസ് സ്‌റ്റേഷനു സമീപത്തുനിന്നും മറ്റൊന്ന് അഴുക്കുചാലില്‍നിന്നും മൂന്നാമത്തെ മൃതദേഹം കനാലില്‍നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 45ആയി.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാരണം, ആശുപത്രിയില്‍ ചികിത്സയിലുള്ള 250ഓളം പേരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടാകാമെന്നും നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

കത്തിക്കരിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളുടെ അടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന സംശയവും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. കത്തിയമര്‍ന്ന കെട്ടിടങ്ങളുടെ പരിസരം വൃത്തിയാക്കുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. റോഡുകളില്‍ വന്നുവീണ കല്ലുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി പൂര്‍ത്തിയായതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.

ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണ്. എട്ട് ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു ക്യാമ്ബില്‍ 42 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. മറ്റു ക്യാമ്ബുകള്‍ രാത്രി ഷെല്‍ട്ടറുകള്‍ മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്.നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദുരിതബാധിതരില്‍നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതും അപേക്ഷകള്‍ തയ്യാറാക്കലും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *