ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം

തിരുവനന്തപുരം: ഒമ്പത് നാള്‍ അനന്തപുരിയെ ഭക്തിയില്‍ ആറാടിക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തുടക്കമായി. ഇന്നു രാവിലെ 9.30ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തി. ഒന്‍പതിനാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.
കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം അനു സിത്താര നിര്‍വഹിച്ചു. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് ആറ്റുകാല്‍ അംബാ പുരസ്‌കാരം സമ്മാനിച്ചു മൂന്ന് വേദികളിലായി കലാപരിപാടികളും അരങ്ങേറി.
നാളെയാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. കനത്ത സുരക്ഷയാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകളുണ്ട്. ബൈക്ക് പട്രോളിംഗ് സംഘങ്ങളുമുണ്ടാകും. സി.സി.ടിവി കാമറകള്‍ക്ക് പുറമേ ഡ്രോണ്‍ വഴിയും നിരീക്ഷിക്കും. കിള്ളിപ്പാലം പി.ആര്‍.എസ് ജംഗ്ഷനില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷാ പാതയാക്കിയിട്ടുണ്ട്.

കൂടുതല്‍ ബസ് സര്‍വീസുകള്‍
മുന്നൂറിലധികം ബസുകളാണ് ഇത്തവണ സര്‍വീസ് നടത്തുക. ഒമ്പത് പ്രത്യേക ട്രെയിനുകളും സര്‍വീസുകള്‍ നടത്തും. പൊങ്കാലദിനത്തില്‍ കൂടുതല്‍ സ്‌റ്റോപ്പുകളും അനുവദിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുള്‍പ്പെട്ട സ്‌ക്വാഡുകളെ നിയോഗിക്കും. അനുമതിയില്ലാതെയും നിശ്ചിത ശബ്ദത്തില്‍ കൂടുതലായും ഉപയോഗിച്ചാല്‍ ഉച്ചഭാഷിണികള്‍ പിടിച്ചെടുക്കും. പൊങ്കാലയ്ക്ക് പിന്നാലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2250 ജീവനക്കാരെ നിയോഗിക്കും. കുടിവെള്ളത്തിനായി വാട്ടര്‍ അതോറിട്ടി 1270 ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ വാട്ടര്‍ ടാങ്കുകളും ഉപയോഗിക്കും. ഭക്തര്‍ക്കായി 300 ബയോടോയ്‌ലെറ്റുകളും സജ്ജമാക്കി.
സുരക്ഷയ്ക്കായി നിയോഗിച്ചത് 760 പൊലീസുകാരെ
പൊങ്കാലദിനം മാത്രം 3500 പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്
ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷയ്ക്ക് 2000 വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *