അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. ഒന്നാം വാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മൂന്ന് വാല്യങ്ങളായി നാല് കോടി തൊന്നൂറ്റി നാല് ലക്ഷം പാഠ പുസ്തകങ്ങളാണ് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന് സൊസൈറ്റി വഴി അച്ചടിച്ച്‌ വിതരണം ചെയ്യുന്നത്.

മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിനു തയാറായിട്ടുണ്ട്. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്ബ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

‘ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍ – മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച്‌ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്തകങ്ങള്‍ കൈമാറി വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കെ.ബി.പി.എസിന്റെ 40-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന സ്പെഷ്യല്‍ പോസ്റ്റല്‍ കവറിന്റെ പ്രകാശനവും ഇതിനോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *