മോദി ‘ചാമ്പ്യൻ ഒഫ് ഇന്ത്യ’ : ട്രംപ്

അഹമ്മദാബാദ്: മോദിയെ ‘ചാമ്പ്യൻ ഒഫ് ഇന്ത്യ’ എന്നും ‘രാജ്യത്തിനായി രാപ്പകൽ അധ്വാനിക്കുന്ന നേതാവെ’ന്നും വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഹമ്മദാബാദിൽ വച്ച് നടക്കുന്ന ‘നമസ്തേ ട്രംപ്’ പരിപാടി’യിൽ പ്രസംഗിക്കവേയാണ് ട്രംപ് പ്രധാനമന്ത്രി മോദിയെ ഇങ്ങനെ വിശേഷിപ്പിച്ചത്. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

തന്റെ അച്ഛന്റെ കൂടെ ‘ചായ്‌വാല’ ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയിൽ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനിൽക്കാൻ പറഞ്ഞ് ട്രംപ് ഹസ്തദാനം നൽകി. എല്ലാവർക്കും മോദിയെ ഇഷ്ടമാണ് അതേസമയം അദ്ദേഹം വളരെ കർക്കശക്കാരൻ ആണെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ പൗരന്മാരെ ഇസ്‌ലാമിക തീവ്രവാദത്തിൽ നിന്നും രക്ഷിക്കാനായി ഇരു രാജ്യങ്ങളും ഐക്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

തന്റെ ഭരണത്തിൽ ‘രക്തദാഹികളായ കൊലപാതകികളായ’ ഐസിസ് തീവ്രവാദികൾക്ക് മേൽ അമേരിക്കൻ സൈന്യം ആക്രമണം അഴിച്ചുവിട്ടിരുന്നു എന്നും ഇന്ന് ഐസിസ് നൂറുശതമാനമായും തകർന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ‘രാക്ഷസനായ’ അബു ബക്കർ അൽ ബാഗ്ദാദി മരണമടഞ്ഞു. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

അമേരിക്ക ഇന്ത്യയ്ക്കായി ഏറ്റവും മികച്ചതും ‘ഭയപ്പെടുത്തുന്നതുമായ’ ആയുധങ്ങൾ നൽകുമെന്നും ലോകത്ത് ഏറ്റവും മികച്ച ആയുധങ്ങൾ നിർമിക്കുന്നത് തങ്ങളാണെന്നും ട്രംപ് പറഞ്ഞു. ‘ഏറ്റവും മികച്ച ആയുധങ്ങൾ ഞങ്ങളുടെ കൈവശമാണ്. ഇപ്പോൾ ഞങ്ങൾ ഇന്ത്യയുമായി കരാറിൽ ഏർപ്പെടുകയാണ്. മൂന്ന് ബില്ല്യൺ ഡോളറിന്റെ ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ അമേരിക്ക തീരുമാനിച്ച കാര്യം ഞാൻ സന്തോഷപൂർവം നിങ്ങളെ അറിയിക്കുകയാണ്. ഏറ്റവും മികച്ച ഹെലികോപ്റ്ററുകളും മറ്റ് ആയുധങ്ങളും ഇതിൽ ഉൾപ്പെടും.’ ട്രംപ് പറഞ്ഞു.

തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാൻ അമേരിക്ക പാകിസ്ഥാനുമായി സഹകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പാകിസ്ഥാനുമായി അമേരിക്കയ്ക്ക് മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു. ഈ നയതന്ത്ര ബന്ധം ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *