വട്ടിയൂര്‍ക്കാവില്‍ ജീവനിപദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി കൃഷിവകുപ്പ് ആരംഭിച്ച ജീവനി പദ്ധതിയുടെ വട്ടിയൂര്‍ക്കാവ് മണ്ഡലംതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജൈവപച്ചക്കറി ഉദ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പച്ചക്കറി കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും തൊട്ടടുത്തുള്ള കൃഷിഭവന്‍ വഴി ലഭിക്കും. പഴയകാല കാര്‍ഷിക സംസ്‌കാരം തിരികെപിടിക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുടനീളം പദ്ധതി നടപ്പാക്കുമെന്നും ഇതിനായി നഗരസഭയുടെ സഹായം തേടുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ വി.കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു.

മേയര്‍ കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി. ബാബു, മുട്ടട കൗണ്‍സിലര്‍ ഗീത ഗോപാല്‍, കുറവന്‍കോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.എസ് മായ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *