കരുണാ സംഗീത നിശാവിവാദം; വിശദീകരണവുമായി കെഎംഎഫ് ഭാരവാഹികള്‍

കൊച്ചി:  കരുണാ മ്യൂസിക് നൈറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തെളിവുകള്‍ സഹിതം വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന ഓരോ ചോദ്യങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും തെളിവുകള്‍ സഹിതമാണ് അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

കെഎംഎഫ് പ്രസിഡന്റ് ബിജിബാല്‍, ജനറല്‍ സെക്രട്ടറി ഷഹബാസ് അമന്‍, ആഷിക് അബു, സിത്താര കൃഷ്ണകുമാര്‍, ശ്യാം പുഷ്കരന്‍ തുടങ്ങിയവരാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്. https://karunakochi.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പരിപാടിയുടെ എല്ലാ വരവ് ചെലവ് കണക്കുകളും കെഎംഎഫ് പുറത്ത് വിട്ടിട്ടുണ്ട്.

2020 മുതല്‍ വര്‍ഷാ വര്‍ഷം രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവല്‍ നടത്തുക എന്ന ഉദ്ദേശത്തിലാണ് കെഎംഎഫ് രൂപംകൊള്ളുന്നത്. കൊച്ചിയെ ആര്‍ട്ടിസ്റ്റിക് ടൂറിസ്റ്റ് പ്ലേസ് ആക്കുകയാണ് ഉദ്ദേശം. ഇത് ഔദ്യോഗികമായി അറിയിക്കുന്നതിന് വലിയൊരു മ്യൂസിക് കണ്‍സേര്‍ട്ട് നടത്തണമെന്ന് ഉദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കരുണ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് എന്ന പേരില്ല പ്രോഗ്രാം നടത്തിയത്. കെഎംഎഫിന്റെ അനൗണ്‍സ്‌മെന്റ് പ്രോഗ്രാമായിരുന്നു.

കലാപരമായി ഈ പരിപാടി വലിയ വിജയമായിരുന്നുവെങ്കിലും സാമ്ബത്തികമായി നേട്ടം ലഭിച്ചില്ലെന്ന് ബിജിബാല്‍ പറഞ്ഞു. 23 ലക്ഷം രൂപയാണ് പരിപാടിക്കായി ആകെ ചെലവായത്. ടിക്കറ്റ് വിതരണത്തിന്റെ തുക സ്വന്തം അക്കൗണ്ടിലേക്കല്ല വരുന്നതെന്നും ഇപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തുക ഭാരവാഹികള്‍ ചേര്‍ന്ന് സ്വന്തം കൈയ്യില്‍ നിന്നും എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യമായാണ് വേദി ലഭിച്ചത്. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാരും സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചത്. എന്നാല്‍ ഒഴിവാക്കാനാകാത്ത മറ്റു ചെലവുകളുണ്ടായിരുന്നു.

ആര്‍ട്ടിസ്റ്റുകള്‍ക്ക് വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റ്, സെറ്റ് മുതല്‍ ഭക്ഷണം വരെയുള്ള ചിലവുകള്‍ , അവതാരകര്‍, ക്യാമറ ടീം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 23 ലക്ഷത്തില്‍ ഇനിയും 2 ലക്ഷം രൂപ കൂടി കൊടുത്ത് തീര്‍ക്കേണ്ടതുണ്ടെന്ന് ബിജിബാല്‍ പറയുന്നു.

500, 1500, 2500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകള്‍.908 ടിക്കറ്റുകള്‍ മാത്രമാണ് ഓണ്‍ലൈനായി വിറ്റു പോയത്. 7,35,500 രൂപ മാത്രമാണ് ഈ ഇനത്തില്‍ വിറ്റുപോയത്. ടിക്കറ്റ് കൗണ്ടറിലെ സെയില്‍ വഴി 39,000 രൂപയും ലഭിച്ചു. ഇതില്‍ നികുതി ഒഴിവാക്കി 6,021,93 രൂപയാണ് ബാക്കിയുണ്ടായിരുന്നതെന്നും ഭാരവാഹികള്‍ പറയുന്നു. 4000 പേര്‍ പരിപാടി കണ്ടതില്‍ 3000 പേരും സൗജന്യ പാസിലാണ് കണ്ടതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

പരിപാടിക്ക് സ്‌പോണ്‍സേഴ്‌സിനായി അലഞ്ഞിരുന്നു. ഒരുപാട് പേരെ സമീപിച്ചിരുന്നില്ല. രണ്ടോ മൂന്നോ സെലക്ടീവ് ആയിട്ടുള്ളവരെ മാത്രമാണ് സമീപിച്ചത്. നിര്‍ഭാഗ്യവശാല്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചില്ല. ഒരു പരസ്യബോര്‍ഡ് പോലും പരിപാടിയില്‍ ഉണ്ടായിരുന്നില്ല. ഒരു വ്യവസായിയെ കണ്ടപ്പോള്‍ അദ്ദേഹം ഇവന്റുകള്‍ക്ക് പരസ്യം നല്‍കാറില്ലെന്ന് അറിയിച്ചു. അന്‍പതിനായിരം രൂപ അദ്ദേഹം പരിപാടിക്കായി നല്‍കിയിട്ടുണ്ട്. ഇതും കൃത്യമായി കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം കളക്ടര്‍ കെഎംഎഫിന്റെ രക്ഷാധികാരിയാണെന്ന് പറഞ്ഞത് തെറ്റായിരുന്നുവെന്നും അദ്ദേഹത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും ബിജിബാല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *