പുറ്റിങ്ങൽ അപകടം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം ∙ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം തടയുന്നതിൽ വീഴ്ച വരുത്തിയ പൊലീസ്, റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. ഇവർക്കെതിരെയുള്ള വകുപ്പുതല നടപടി എന്തെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകാൻ പൊതുഭരണ വകുപ്പ് സെക്രട്ടറിയോട് മന്ത്രിസഭായോഗം നിർദേശിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പി.എസ്. ഗോപിനാഥൻ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.

2016 ഏപ്രിൽ പത്തിന് പുലർച്ചെ 3.17ന് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ 110 പേരാണ് മരിച്ചത്. എഴുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു. വെടിക്കെട്ടിനു മുന്നോടിയായി അമ്പലത്തിന്റെയും പരിസര പ്രദേശങ്ങളുടേയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ പി.എസ്. ഗോപിനാഥൻ കമ്മിഷൻ ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. അപകടകരമായ രീതിയിൽ വെടിക്കെട്ട് നടന്നിട്ടും നിർത്തിവയ്ക്കാൻ പൊലീസോ ജില്ലാ ഭരണകൂടമോ ഇടപെട്ടില്ല. വെടിക്കെട്ടിനു മേൽനോട്ടക്കാരനുണ്ടായിരുന്നില്ല. ജനത്തിന്റെ സുരക്ഷയ്ക്ക് ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും കമ്മിഷൻ കണ്ടെത്തിയിരുന്നു. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നീ കരാറുകാർ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചുവിട്ട പടക്കങ്ങളിലൊന്ന് കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായി തകർന്നു. ഇതിന്റെ കോൺക്രീറ്റും കമ്പികളും വീണാണ് നിരവധിപേർ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *