ചെന്നൈയില്‍ സി.എ.എ വിരുദ്ധ സമരത്തിന് നേരെ ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: ഷാഹീന്‍ബാഗ് മാതൃകയില്‍ ചെന്നൈ വണ്ണാര്‍പേട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന സമരത്തില്‍ പൊലീസ് അതിക്രമം. ലാത്തിച്ചാര്‍ജില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെന്നൈ നഗരത്തില്‍ വിവിധ‍യിടങ്ങളിലേക്ക് പ്രതിഷേധം പടരുക‍യാണ്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അണിനിരന്ന സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്. രാത്രി 9.30ഓടെയാണ് സംഭവം. 40 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി പ്രതിഷേധക്കാര്‍ പറഞ്ഞു. ഇവരെ വിട്ടയച്ചിട്ടില്ല.

വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ സമരം അവസാനിപ്പിക്കാന്‍ പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദ്ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് രാത്രി ലാത്തിച്ചാര്‍ജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ നോക്കിയത്. പൊലീസ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരോട് ക്രൂരമായി പെരുമാറിയതായി ദൃക്സാക്ഷികള്‍ പറയുന്നു.

പൊലീസ് അതിക്രമത്തിനെതിരെ തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. സേലം, കോയമ്ബത്തൂര്‍, തൂത്തുക്കുടി, ചെങ്കല്‍പ്പേട്ട്, ഗിണ്ടി, മണ്ണടി, പുതുപ്പേട്ട് തുടങ്ങി നിരവധിയിടങ്ങളില്‍ പ്രതിഷേധ പരിപാടി നടക്കുകയാണ്. ചെന്നൈ നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *