ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ഉത്സവമേഖലയായ 31 വാര്‍ഡുകളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും, സ്വിവറേജ് ശുചീകരണം നടത്താനും ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡല്‍ ഓഫീസറായി എ ഡി എം വി.ആര്‍ വിനോദിനെ ചുമതലപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. പൊങ്കാല ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ഭക്തജനങ്ങളും, സന്നദ്ധ സംഘടനകളും സ്റ്റീല്‍ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിനായി ബോധവത്ക്കരണം നടത്തുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി പരസ്യ പ്രചാരണം നടത്തും. 3500 പൊലീസുകാരെ പൊങ്കാല ഉത്സവദിനത്തിലെ സുരക്ഷയ്ക്കായി നിയോഗിക്കും.

രണ്ടായിരം വനിതാ പൊലീസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല നിര്‍വഹിക്കുക. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍ അറിയിച്ചു. പ്രത്യേക ബൈക്ക് പട്രോളിംഗ് സംഘങ്ങളെയും നിയോഗിക്കും. സിസി ടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴിയും നിരീക്ഷണം നടത്തും. പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച്‌ കിള്ളിപ്പാലം പി.ആര്‍.എസ് ജംഗ്ഷനില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ സുരക്ഷാ പാതയാക്കും. 25 ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കും. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ട്രസ്റ്റ് നല്‍കും.

പൊങ്കാല കഴിഞ്ഞാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2250 ജീവനക്കാരെ നിയോഗിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. 60 ടിപ്പര്‍ ലോറികള്‍ കൂടി ശുചീകരണത്തിനായി വാടകയ്ക്ക് എടുക്കും. ഇഷ്ടികകള്‍ ശേഖരിച്ച്‌ പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന് നല്‍കുന്നതിന് ഇത്തവണയും ക്രമീകരണമുണ്ടാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 2 വര്‍ഷം പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ 23 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചു. പൊങ്കാല ഉത്സവത്തിന് എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബയോ ടോയ് ലറ്റുകളും, പോര്‍ട്ടബിള്‍ ടോയ് ലറ്റുകളും സ്ഥാപിക്കും. ഫയര്‍ ഫോഴ്‌സിനെ വിന്യസിക്കുന്നതിനൊപ്പം അഗ്‌നി ശമനോപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാര്‍ക്കും പരിശീലനം നല്‍കും. അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിനെ നിയോഗിക്കും. ആറ്റുകാല്‍ പൊങ്കാല മുന്നൊരുക്കം വിലയിരുത്താന്‍ നടത്തിയ മൂന്നാമത്തെ അവലോകന യോഗമാണ് ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നത്. വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ കെ ശ്രീകുമാര്‍, ശശി തരൂര്‍ എംപി , വിഎസ് ശിവകുമാര്‍ എംഎല്‍എ , കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *