മോദിയുടെ ട്വീറ്റിന് നിമിഷത്തിനുള്ളില്‍ കെജരിവാളിന്റെ മറുപടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ‘രാജ്യത്തിന്റെ തലസ്ഥാന നഗരിയെ ലോകോത്തര നഗരിയാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നതാണ് കെജരിവാളിന്റെ മറുപടി.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച ട്വീറ്റില്‍ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആം ആദ്മിക്ക് സാധിക്കട്ടെയെന്നും മോദി കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെജരിവാളിന്റെ ട്വീറ്റ്.

വിദ്യാലയങ്ങളും ആശുപത്രികളും പണിയുകയും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കുകയും ചെയ്യുന്നതിനെ ജനങ്ങള്‍ അംഗീകരിക്കുന്ന പുതിയൊരു രാഷ്ട്രീയത്തിന്റെ ഉദയമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. തന്നെ മകനായി കണ്ട ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണ് ഇതെന്ന് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിലെ വിജയം തന്റെ വിജയമല്ല, രാജ്യത്തിന്റെയാകെ വിജയമാണ്. ഈ ദിവസം ഭഗവാന്‍ ഹനുമാന്‍ ജനങ്ങളുടെ മേല്‍ അനുഗ്രഹം ചൊരിഞ്ഞിരിക്കുകയാണ്. അടുത്ത അഞ്ചുര്‍ഷം ജനങ്ങളെ സേവിക്കാനുള്ള ശരിയായ വഴി ഹനുമാന്‍ ഭഗവാന്‍ കാണിച്ചുതരുമെന്നും കെജരിവാള്‍ പറഞ്ഞു.

ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും കെജരിവാള്‍ പറഞ്ഞു. ഈ വിജയം ഡല്‍ഹിക്കാരുടെത് മാത്രമല്ല മറിച്ച്‌ ഇന്ത്യന്‍ ജനതയുടെതാണ്. ഡല്‍ഹിയിലെ ഒരോകുടുംബവും തന്നെ ഒരു മകനായി കണ്ട് വോട്ട് രേഖപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും പിന്തുണ വലുതായിരുന്നെന്നും കെജരിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *