പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കും

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും പിന്നാലെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. നാലുദിവസത്തിനകം നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

എന്‍.ആര്‍.സിക്കും സി.എ.ബിക്കും എതിരെ മൂന്നു മാസം മുമ്ബ് തങ്ങള്‍ പ്രമേയം പാസാക്കിയിരുന്നു. സി.എ.എക്കെതിരെയും പ്രമേയം പാസാക്കും. മറ്റ് സംസ്ഥാനങ്ങളും പ്രമേയം പാസാക്കണമെന്ന് മമത പറഞ്ഞു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കരുതെന്നും മമത ആവശ്യപ്പെട്ടു.

ഡിസംബര്‍ 31നാണ് കേരളം പൗരത്വ നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമായത്. തുടര്‍ന്ന് ജനുവരി 18ന് പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മമതയെ ഇടത് പാര്‍ട്ടികള്‍ വെല്ലുവിളിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പ്രമേയം പാസാക്കാന്‍ പ്രവര്‍ത്തക സമിതി തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാള്‍ നിയമസഭയിലും പ്രമേയം പാസാക്കാന്‍ മമത തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *