ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം : ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റദ്ദാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം എന്ന് ഗവര്‍ണര്‍ പരിഹസിച്ചു. താന്‍ പറഞ്ഞതില്‍ തെറ്റ് കണ്ടെത്താന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന് വാദിക്കുന്നത്. അങ്ങനെ ചെയ്താല്‍ പിന്നെ ആരും ചോദ്യം ചെയ്യാന്‍ ഉണ്ടാകില്ലല്ലോ എന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാതിരുന്നത് മനപ്പൂര്‍വമല്ലെന്നും മുന്‍പും കേന്ദ്ര നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതേ രീതി തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് ഇതുസംബന്ധിച്ച്‌ ചീഫ് സെക്രട്ടറി ടോം ജോസിന്റെ വിശദീകരണം. ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തളളി ഗവര്‍ണര്‍ രംഗത്തെത്തിയത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിധേയമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണഘടനയ്ക്ക് തകര്‍ച്ച സംഭവിക്കുന്ന ഒന്നും തന്നെ അനുവദിക്കില്ല. അതിന് വേണ്ടി താന്‍ നിലക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു.

നിയമവും ചട്ടവും അനുസരിച്ച്‌ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമ്ബോള്‍ തന്നെ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഇക്കാര്യം സര്‍ക്കാരിനും അറിയാം. എന്നിട്ടാണ് നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ഒരു നിയമപ്രശ്‌നം വരുമ്ബോള്‍, തന്നെ അറിയിക്കണമെന്ന് നിയമത്തില്‍ കൃത്യമായി നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *