പോളിയോ പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത വേണം: മന്ത്രി

തിരുവനന്തപുരം: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യ  മന്ത്രി കെ.കെ. ശൈലജ .

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്. സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രോഗം ഭേദമാകുമെങ്കിലും പാര്‍ശ്വഫലമായി കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേരത്തെ തന്നെ പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

വലിയൊരു യജ്ഞമാണ് കേരളത്തിലുട നീളം നടക്കുന്നത്. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാ മേഖലയിലൂടെയും പ്രവര്‍ത്തിക്കുകയാണ്. ഒട്ടേറെ പദ്ധതികളിലൂടെയും ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ട് പോകുമ്ബോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് പോളിയോ പ്രതിരോധം എന്നത്. ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. 2014ല്‍ ഭാരതം പോളിയോ മുക്തമായെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താറായിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നമ്മുടെ രാജ്യത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെയാണ്. അതിനാല്‍ കൃത്യമായ പോളിയോ വാക്‌സിന്‍ കൊടുത്തു കൊണ്ട് പ്രതിരോധം ശക്തപ്പെടുത്തേണ്ടതാണ്.

ഏകദേശം 25 ലക്ഷത്തോളം കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. 24,000 ത്തോളം വാക്‌സിനേഷന്‍ ബൂത്തുകള്‍ കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകളെയും പരിശീലനം നല്‍കി തെരഞ്ഞെടുത്തിട്ടുണ്ട്. നേരത്തെ നടത്തിയ മുന്നൊരുക്കത്തിന്റെ വലിയൊരു യജ്ഞമാണ് നടക്കുന്ന്. ഇങ്ങനെ ശ്രദ്ധയോടെ മുന്നേറുന്നത് കൊണ്ട് കേരളം പല കാര്യങ്ങളിലും മുന്നിലാണ്. ശിശുമരണ നിരക്കും മാതൃ മരണ നിരക്കും കുറവാണ്. പല രോഗങ്ങളേയും പ്രതിരോധിക്കാന്‍ നമുക്കായിട്ടുണ്ടെന്നും മന്ത്രി  വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *