പയ്യോളി മനോജ് വധം; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം ദുബായിലേക്ക് കടന്ന വിപിന്‍ദാസ്, ഗരീഷ് എന്നിവരാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് സിബിഐ അന്വേഷണ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. മനോജിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരടക്കം 27 പ്രതികള്‍ക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ട് പ്രതികളെ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരെയാണ് സിബിഐ മാപ്പു സാക്ഷികളാക്കിയത്. ഡിവൈഎസ്പി ജോസി ചെറിയാന്‍, സിഐ വിനോദന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2012 ഫെബ്രുവരി 12നാണ് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് കേസില്‍ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായി.

താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും കസ്റ്റഡിയിലിരിക്കെ അജിത്ത് വിളിച്ച്‌ പറഞ്ഞതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്. ഇതോടെ കേസില്‍ പുനഃരന്വേഷണത്തിന് വഴിയൊരുങ്ങി. 2016ലാണ് കേസ് സിബിഐ എറ്റെടുത്തത്.

ലോക്കല്‍ കമ്മറ്റി ഓഫീസിലാണ് കൊലയ്ക്കുള്ള ഗൂഢാലോചന നടന്നതെന്ന് അവര്‍ കണ്ടെത്തി. ജില്ലാ കമ്മറ്റി അംഗവും കൃത്യം നടക്കുമ്ബോള്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ചന്തു മാസ്റ്റര്‍ അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ അടക്കം ആറ് സിപിഎം നേതാക്കളും രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പിടിയിലായി. രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച്‌ പ്രദേശത്ത് ഹര്‍ത്താല്‍ നടത്തി സിപിഎം പ്രതിഷേധിച്ചുവെങ്കിലും സിബിഐ മുന്നോട്ട് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *