കാശ്‌മീരിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമാണെന്നും അത് അനിശ്ചിതമായി നിയന്ത്രിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും തൊഴിലെടുക്കാനുള്ള അവകാശത്തിനും എതിരാണെന്നും സുപ്രീംകോടതി വിധിച്ചു. ജമ്മുകാശ്‌മീരിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാനാവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യവും നിയന്ത്രിക്കുന്ന ഉത്തരവുകൾ ഒരാഴ്ചയ്‌ക്കുള്ളിൽ പുനഃപരിശോധിക്കാനും ജസ്‌റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിന് ഉത്തരവ് നൽകി.

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും തടയാനുള്ള ഉപാധിയായി 144ാം വകുപ്പ് (നിരോധനാജ്ഞ)​ സർക്കാർ കണ്ണുമടച്ച് പ്രയോഗിക്കരുത്. 144 പ്രകാരം ആവർത്തിച്ചുള്ള നിരോധന ഉത്തരവുകൾ അധികാര ദുർവിനിയോഗമാന്നെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജമ്മു കാശ്‌മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ഇന്റർനെറ്റ് വിലക്കിയതിനെതിരെ കോൺഗ്രസ് എം.പി ഗുലാം നബി ആസാദും കാശ്‌മീർ ടൈംസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ഭാസിനും നൽകിയ ഹർജിയിലാണ് സുപ്രധാന വിധി.

ഇന്റർനെറ്റ് നിയന്ത്രണം അനിശ്‌ചിതമായി നീട്ടിയ കേന്ദ്രനടപടി തള്ളിയ സുപ്രീംകോടതി, ജമ്മുകാശ്‌മീരിലെ സുരക്ഷ പരിഗണിച്ച് ഉത്തരവുകൾ റദ്ദാക്കിയില്ല. എന്നാൽ ഇന്റർനെറ്റ് നിയന്ത്രിച്ച നിയമവിരുദ്ധമായ ഉത്തരവുകൾ ഉടൻ തിരുത്തണമെന്നും സർക്കാർ വെബ്‌സൈറ്റുകൾ, ഇ – ബാങ്കിംഗ്, ആശുപത്രി തുടങ്ങി അവശ്യ നെറ്റ് സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും ഉത്തരവിട്ടു. ജമ്മുകാശ്‌മീരിലെ രഹസ്യങ്ങളുടെ മൂടുപടം മാറ്റാൻ ടെലികോം,​ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതുൾപ്പെടെ എഴുപത് ലക്ഷം ജനങ്ങളുടെ മൗലിക സ്വാതന്ത്ര്യത്തെ തകർക്കുന്ന എല്ലാ ഉത്തരവുകളും സർക്കാർ പ്രസിദ്ധീകരിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *