മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; ക്രമീകരണങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ചീഫ് സെക്രട്ടറി

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതു സംബന്ധിച്ചുള്ള ക്രമീകരണങ്ങളില്‍ പൂര്‍ണ തൃപ്തനാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ഫ്‌ളാറ്റുകളില്‍ സ്‌ഫോടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തി വിലയിരുത്തി. ഇതുവരെയുള്ള ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറും, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഫ്‌ളാറ്റിലെ എന്‍ജിനിയര്‍മാരോട് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഫ്‌ളാറ്റുകളില്‍ വിശദമായ പരിശോധനയും നടത്തി. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കിട്ടാവുന്ന ഏറ്റവും മികച്ച കമ്ബനികളാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇന്‍ഷുറന്‍സ് സംബന്ധിച്ച്‌ ആശയക്കുഴപ്പം ഇല്ലെന്നും ഫ്‌ളാറ്റുടമകള്‍ക്ക് കോടതി നിശ്ചയിച്ച പോലെ നഷ്ടപരിഹാരം നല്‍കും ടോം ജോസ് വ്യക്തമാക്കി. കമ്മീഷണര്‍ വിജയ് സാഖറെ, കളക്ടര്‍ എസ്.സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍, എന്നിവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. സ്‌ഫോടനം നടക്കുന്ന ദിവസവും ചീഫ് സെക്രട്ടറി കൊച്ചിയിലുണ്ടാവും.

ശനിയാഴ്ചയാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങുക. മുന്നോടിയായി നാളെ മോക്ക് ഡ്രില്‍ നടത്തും. രാവിലെ ഒന്‍പതു മണി മുതല്‍ ആണ് മോക്ക് ഡ്രില്‍ ആരംഭിക്കുക. സ്ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ സമീപവാസികള്‍ക്ക് അറിവ് നല്‍കാന്‍ കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *