8000 അടി ഉയരത്തില്‍ യുക്രെയ്ന്‍ വിമാനം തീഗോളമായി,​ ഇറാന്‍ അബദ്ധത്തില്‍ വെടിവച്ചിട്ടതാവാമെന്ന് യു.എസ്

ടെഹ്റാന്‍: ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ 176 പേരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം യു.എസ് യുദ്ധവിമാനമാവാം എന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ വെടിവച്ചിട്ടതാവാമെന്ന് യു.എസ് മാദ്ധ്യമങ്ങള്‍. ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചിതാവാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം,​ വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്ബോഴാണ് വിമാനം തകര്‍ന്നതെന്നാണ് ഇറാന്‍ അന്വേഷകര്‍ പറയുന്നത്. യുക്രെയ്ന്‍ വിമാനത്തില്‍ നിന്ന് സഹായത്തിനായുള്ള പൈലറ്റിന്റെ അടിയന്തര സന്ദേശം ലഭിച്ചില്ലെന്നും ഇറാന്‍ വ്യക്തമാക്കി. തീപിടിച്ചപ്പോള്‍ വിമാനത്താവളത്തിലേക്കു തിരികെപ്പോകാന്‍ പൈലറ്റ് ശ്രമിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. പറന്നുയര്‍ന്ന് 8000 അടി ഉയരത്തിലെത്തിയപ്പോള്‍ 6.18 ന് വിമാനം പെട്ടെന്നു തീഗോളമായെന്നു സമീപത്തുകൂടി പറന്നിരുന്ന മറ്റൊരു വിമാനത്തിന്റെ പൈലറ്റ് മൊഴി നല്‍കി.

വിമാനവേധമിസൈല്‍ പതിച്ചോ, ആകാശത്തെ കൂട്ടിയിടിയിലോ, എന്‍ജിന്‍ പൊട്ടിത്തെറിച്ചോ, ഭീകരര്‍ വിമാനത്തില്‍ സ്ഫോടനം നടത്തിയോ ഉണ്ടായ അപകടമാണോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് യുക്രെയ്ന്‍ അധികൃതരും അറിയിച്ചു. ബുധനാഴ്ച രാവിലെ 6.12 നു ടെഹ്റാനില്‍ നിന്ന് പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കകമാണു ബോയിംഗ് 737 വിമാനം തീപിടിച്ചു തകര്‍ന്ന് 176 പേര്‍ കൊല്ലപ്പെട്ടത്. സംഭവം ആകസ്മികമാണെന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *