നിര്‍ഭയ കേസില്‍ പ്രതികളെ 22ന് തൂക്കിലേറ്റും

ന്യൂഡൽഹി: നിർഭയക്കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌. 22-നു തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. രാവിലെ ഏഴു മണിക്കു തൂക്കിലേറ്റണമെന്നാണ് വാറന്റ്. ഏതെങ്കിലും കോടതിക്കു മുന്നിലോ രാഷ്ട്രപതിക്കു മുന്നിലോ ദയാഹര്‍ജി നിലവിലില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എല്ലാ പ്രതികളുടെയും പുനപരിശോധനാ ഹര്‍ജികളും സുപ്രീംകോടതി തള്ളിയ കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

വിഡിയോ കോൺഫറൻസ് വഴി ജഡ്ജി പ്രതികളുമായി സംസാരിച്ചു. മാധ്യമവിചാരണ നടക്കുന്നതായി പ്രതി മുകേഷ് കോടതിയെ ബോധിപ്പിച്ചു. നിര്‍ഭയ കേസില്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‍ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചിരുന്നു. തിരുത്തൽ ഹർജി നൽകുന്നത് മരണവാറൻറ് പുറപെടുവിക്കുന്നതിനു തടസമല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കുക.

നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവഴികൾ പൂർണമായി അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തൽ ഹർജിയും ദയാ ഹർജിയും നൽകാൻ അവകാശമുണ്ടെന്നും പ്രതികൾ പറയുന്നു. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് നൽകിയ ഹർജി ഡിസംബർ 18ന് സുപ്രീം കോടതി തള്ളിയിരുന്നു.

2012 ഡിസംബർ 16നു രാത്രി ഒൻപതിനു ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂരപീഡനത്തിനിരയായത്. ഡിസംബർ 29നു വിദഗ്ധ ചികിത്സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെൺകുട്ടി മരിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതി ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ ജീവനൊടുക്കി. ഒരാൾക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാംസിങ്ങിന്റെ സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ എന്നീ നാലു പ്രതികൾക്കു വിചാരണ കോടതി നൽകിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *