പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്റെ ഭാഗമാക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇതിനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടും. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നാല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസക്തി നഷ്ടമാകും.13 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച്‌ കേരള ബാങ്ക് രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വിട്ട് നിന്നിരിന്നു. കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയതോടെ ലയനത്തില്‍ നിന്ന് വിട്ടുനിന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭാവിയെപ്പറ്റി ആശങ്കയും ഉയര്‍ന്നിരുന്നു.

എന്നാല്‍ കേരള ബാങ്കുമായി സഹകരിക്കില്ലെന്ന മുന്‍നിലപാട് തന്നെയാണ് ഭരണസമിതി എടുത്തത്. കേരള ബാങ്കില്‍ നിന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വിട്ട് നിന്ന തീരുമാനത്തിനെതിരെ ബാങ്കിലെ ജീവനക്കാര്‍ തന്നെ രംഗത്ത് വന്നിരുന്നു. മലപ്പുറം ജില്ലാ സഹകരണബാങ്കിനേയും കേരള ബാങ്കിന്‍റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ സര്‍ക്കാരിന് നിവേദനം നല്‍കി.ഇത് കൂടി പരിഗണിച്ചാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഓര്‍ഡിനന്‍സ് പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങള്‍ കേരള ബാങ്കില്‍ ലയിക്കും. ഇതോടെ കേരള ബാങ്കിന്‍റെ ഭാഗമല്ലാത്ത മലപ്പുറം ജില്ലാസഹകരണ ബാങ്കിന്‍റെ പ്രസക്തി നഷ്ടമാകും. കേരള ബാങ്കിന്‍റെ ഭാഗമല്ലാതിരിക്കുമ്ബോള്‍ ജില്ലയിലെ ഒരു സഹകരണസംഘം മാത്രമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് പ്രവര്‍ത്തിക്കേണ്ടി വരും. റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി തേടി മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *