അടുത്ത ലക്ഷ്യം റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ നാടുകടത്തല്‍: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ജമ്മു: റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുക എന്നതാണ് അടുത്ത നീക്കമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.ബംഗാളില്‍ നിന്ന് അവര്‍ എങ്ങനെയാണ് ജമ്മു കശ്മീരില്‍ എത്തിയതെന്നും സ്ഥിരതാമസമാക്കിയതെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു ജിതേന്ദ്ര സിംഗ്.

“പാര്‍ലമെന്റ് പാസാക്കിയ ദിവസം തന്നെ ജമ്മു കശ്മീരില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതില്‍ ജമ്മു കശ്മീരില്‍ കാലതാമസം ഉണ്ടായിട്ടില്ല. ഇനി അടുത്ത നടപടി റോഹിംഗ്യകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ്. “- ജിതേന്ദ്ര സിംഗ് പറഞ്ഞു.

അവരുടെ നാടുകടത്തലിനെക്കുറിച്ചുള്ള പദ്ധതി എന്തായിരിക്കണം എന്നതില്‍ കേന്ദ്രത്തിന് ആശങ്കയുണ്ട്. പട്ടിക തയ്യാറാക്കും. ആവശ്യമെങ്കില്‍ ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കും. എന്തെന്നാല്‍ പൗരത്വ നിയമ ഭേദഗതി റോഹിംഗ്യകള്‍ക്ക് യാതൊരു വിധത്തിലും ഗുണകരമാകില്ല. അവര്‍ ആറ് മതന്യൂനപക്ഷങ്ങളില്‍ പെട്ടവരല്ല. അവര്‍ മൂന്ന് അയല്‍ രാജ്യങ്ങളില്‍ (പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍) പെടുന്നവരല്ല. – അദ്ദേഹം പറഞ്ഞു.

നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ ബംഗാളില്‍ നിന്ന് അവര്‍ എങ്ങനെയാണ് കശ്മീരില്‍ എത്തിയെന്നത് അറിയേണ്ടതുണ്ട്. ആരാണ് അവര്‍ക്ക് ടിക്കറ്റിനായി പണം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. റോഹിംഗ്യകള്‍ മ്യാന്‍മറില്‍ നിന്ന് നാട്ടിലേക്ക് വന്നതിനാല്‍ അവര്‍ക്ക് തിരികെ പോകേണ്ടിവരുമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *