പൗരത്വ നിയമ ഭേദഗതി: പ്രതിഷേധിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സോമശേഖര റെഡ്ഢി

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബിജെപി എം.എല്‍.എ സോമശേഖര റെഡ്ഢി.

പ്രതിഷേധക്കാര്‍ക്കെതിരെ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങള്‍ തെരുവിലിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് ആലോചിച്ച്‌ നോക്കു എന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടകയിലെ ബല്ലാരിയില്‍ വെള്ളിയാഴ്ച നടന്ന റാലിയില്‍ മുസ്ലീം സമുദായത്തെ വിമമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങള്‍ വെറും 15 ശതമാനം മാത്രം ജനസംഖ്യ ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് 80 ശതമനം ജനസംഖ്യയുണ്ട്. നിങ്ങള്‍ ഒരു ന്യൂനപക്ഷം മാത്രമാണ്, നിങ്ങള്‍ക്കെതിരെ ഭൂരിപക്ഷം തെരുവിലിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

”ഞങ്ങള്‍ ഇന്ത്യക്കാരാണ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തന്റെ സംസ്ഥാനത്ത് പൊതുസ്വത്ത് നശിപ്പിക്കുന്നവരെ പഠിപ്പിക്കുന്ന അതേ രീതിയില്‍ ഞങ്ങള്‍ നിങ്ങളെയും പഠിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരെ വെടിവച്ചുകൊന്നാല്‍ നല്ലതാണ്. പക്ഷെ പരിക്കേറ്റയാള്‍ ഒരു ഹിന്ദു ഡോക്ടറുടെ അടുത്താണെത്തുന്നതെങ്കില്‍ അദ്ദേഹം നിങ്ങലുടെ മുറിവ് ചികിത്സിക്കും”” എന്നും റെഡ്ഢി പറഞ്ഞു.

ഒരു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു പറഞ്ഞു. “”നിങ്ങള്‍ക്ക് ഇവിടെ ജീവിക്കണമെങ്കില്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി ജീവിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം വിടാം””. എന്നാല്‍ പ്രധാനമന്ത്രിയുടെ പേര് അദ്ദേഹം വ്യക്തമാക്കിയില്ല.

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ ‘പങ്‌ചര്‍ വാലസ്” എന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന പ്രതിഷേധക്കാര്‍ക്ക് വളരെ യോജിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം പറയുന്നതെല്ലാം അവര്‍ വിശ്വസിക്കുകയാണ്. കോണ്‍ഗ്രസ് അവരുടെ മനസിനെ മലിനമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *