കണ്ണാടിയില്‍ നോക്കിയാല്‍ മുഖ്യമന്ത്രിക്ക് യഥാര്‍ത്ഥ ഫാസിസ്റ്റിനെ കാണാം : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യഥാര്‍ത്ഥ ഫാസിസ്റ്റ് ആരാണെന്ന് അറിയണമെങ്കില്‍ മുഖ്യമന്ത്രി കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസിന് പൗരത്വ നിയമ ഭേദഗതിയില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഒരുപാട് കാര്യങ്ങള്‍ ഒളിച്ച് വയ്ക്കാനുള്ളത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമാണ്.ഒളിച്ച് കളിയുടെ രാഷ്ട്രീയം തനിക്കറിയില്ലെന്നും തന്റേത് തെളിഞ്ഞ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
2014 ലും 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോദിക്ക് വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചത് സി.പി.എമ്മിന്റെ നിലപാടാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സംഖ്യം തകര്‍ത്തത് കേരളത്തില്‍ നിന്നുള്ള സി.പി.എമ്മിന്റെ പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ലക്ഷ്യം. ന്യൂനപക്ഷ വിഭാഗത്തിലെ രണ്ടു ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി അന്യായമായി മുഖ്യമന്ത്രി തടങ്കിലിട്ടിരിക്കുകയാണ്.
ഫാസിസത്തിന്റെ ഭീമത്സ മുഖങ്ങളായ നരേന്ദ്ര മോദിയേയും അമിതിഷായേയും ശക്തമായി വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാട്ടിയില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖിനേയും കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാര്‍ ഉള്‍പ്പടെ 58 പേരെയാണ് മുഖ്യമന്ത്രി ജയിലിലടച്ചത്. ഇന്റലിജന്‍സ് മേധാവിയോട് പൗരത്വ നിയമ ഭേദഗതിയില്‍ ഹിന്ദുക്കളുടെ വികാരം അറിയാനായി നിര്‍ദ്ദേശം നല്‍കിയതിലൂടെ തന്നെ മുഖ്യമന്ത്രിയുടെ മൃദുഹിന്ദുത്വ സമീപനം ഒരിക്കല്‍ക്കൂടി പ്രകടമായതായി അദ്ദേഹം ആരോപിച്ചു.
ഗവര്‍ണ്ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പറയാനുള്ള ആര്‍ജ്ജവം പോലും മുഖ്യമന്ത്രി കാണിക്കുന്നില്ല.ജനങ്ങള്‍ക്കിടയില്‍ മതിലുകളല്ല സൃഷ്ടിക്കേണ്ടത് മറിച്ച് ജാതിചിന്തയുടെ മതിലുകളില്ലാത്ത ജനതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *