വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും: യുപി സർക്കാർ

ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ  അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന നിലപാടിൽ ഉറച്ച് ഉത്തര്‍പ്രദേശ് സർക്കാർ.

പിഴ ഈടാക്കേണ്ടവർക്കായി നൽകിയ നോട്ടിസിൽ മറുപടി നൽകാൻ ആരോപണ വിധേയർക്ക് ലക്നൗ ജില്ലാ ഭരണകൂടം ഏഴ് ദിവസം സമയം അനുവദിച്ചു.

പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്ന് 150 ഓളം പേർക്ക് നോട്ടിസ് അയച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. യുപി പൊലീസ് സർക്കാരിനു സമർപ്പിച്ച പിഴ ഈടാക്കേണ്ട 498 പേരുടെ പട്ടികയിൽ നിന്നാണ് ഇത്രയും പേർക്ക് അധികൃതർ നോട്ടിസ് നൽകിയത്.

പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കുകയും നഷ്ടം നികത്താന്‍ ലേലം ചെയ്യുകയും ചെയ്യുമെന്നു യോഗി ആദിത്യനാഥ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച ചിത്രങ്ങളും പരിശോധിച്ചാണ് അക്രമികളെ കണ്ടെടുത്തുക. നോട്ടിസ് അയച്ചവർക്കു തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഏഴ് ദിവസത്തെ സമയം നൽകുമെന്നും തൃപ്തികരമായ വിശദീകരണം നൽകാത്ത പക്ഷം സ്വത്തുക്കൾ ലേലം ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണു നിർദേശമെന്നും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *