നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. പ്രമേയത്തിന് ഭരണഘടനാപരമായും നിയമപരമായും സാധുതയില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.  എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവർണർ പറഞ്ഞു.

പൗരത്വ നിയമം പൂർണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനം അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടത്. തങ്ങളുടെ അധികാരപരിധിയില്‍ വരാത്ത കാര്യം ചര്‍ച്ച ചെയ്തു സമയം പാഴാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി കേരളത്തെ ഒരുതരത്തിലും ബാധിക്കില്ല.  വിഭജനം ബാധിക്കാത്ത സംസ്ഥാനമായ കേരളത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഇല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ചരിത്ര കോൺഗ്രസിന്റെ ഉപദേശ പ്രകാരമാണ് പ്രമേയമെന്നും ഗവർണർ പറഞ്ഞു.

കണ്ണൂരില്‍ നടന്ന ചരിത്രകോണ്‍ഗ്രസ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കുറ്റകരമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചരിത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം മറ്റു പല നിര്‍ദേശങ്ങളും നല്‍കുകയാണ് ചരിത്രകോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനു മുൻപായി ഗവർണറുടെ അംഗീകാരത്തിനായി അയച്ച ഫയലിൽ പ്രമേയത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.  നിയമനിർമാണ സഭകളിലെ പട്ടികവിഭാഗ സംവരണം തുടരാനുള്ള ഭരണഘടനാഭേദഗതി  അംഗീകരിക്കാൻ സഭ ചേരുന്നു എന്നു മാത്രമേ ഫയലിൽ പറഞ്ഞിരുന്നുള്ളൂ

 

Leave a Reply

Your email address will not be published. Required fields are marked *