മല്യയുടെ സ്വത്തുക്കൾ ബാങ്കുകൾക്ക് പണമാക്കി മാറ്റാം: കോടതി

മുംബൈ : വിവാദ വ്യവസായി വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ ഉപയോഗിക്കാൻ ബാങ്കുകൾക്ക് അനുമതി. കള്ളപ്പണക്കേസുകളുമായി ബന്ധപ്പെട്ട മുംബൈയിലെ കോടതിയാണു സ്വത്തുക്കൾ പണമാക്കി മാറ്റാൻ ബാങ്കുകൾക്കു നിർദേശം നൽകിയത്. അതേസമയം ബന്ധപ്പെട്ട വ്യക്തികൾക്ക് അപ്പീൽ നൽകാൻ ജനുവരി 18 വരെ സാവകാശം നൽകിയിട്ടുണ്ട്. ഓഹരികൾ പോലുള്ള ധനകാര്യ സുരക്ഷാ കാര്യങ്ങളാണു കണ്ടുകെട്ടിയിട്ടുള്ളതെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള വിവരം.

എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണു പിടിച്ചെടുത്ത സ്വത്തുവകകൾ ഉപയോഗിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. ഇവ ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചിരുന്നു. 6203.35 കോടി രൂപയും 2013 മുതൽ ലഭിക്കാനുള്ള 11.5% പലിശയുമാണു സ്വത്തുക്കൾ പണമാക്കി മാറ്റുന്നതിലൂടെ ബാങ്കുകൾ ലക്ഷ്യമിടുന്നത്. മല്യ സാമ്പത്തിക കുറ്റവാളിയാണന്നു കഴിഞ്ഞ ജനുവരി 5ന് കോടതി കണ്ടെത്തിയിരുന്നു. 2016 മാർച്ചിൽ നാടുവിട്ട മല്യ നിലവിൽ യുകെയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *