അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: “അലനും, താഹയും ചായ പീടികയിൽ ചായ കുടിച്ചോണ്ടിരുന്നപ്പോൾ വെറുതെ പൊലീസ് ചെന്ന് അറസ്റ്റ് ചെയ്തതല്ല, അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്” മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇത്. അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും പരിശുദ്ധരാണെന്ന ധാരണയൊന്നും വേണ്ട, യുഎപിഎ ചുമത്തിയത് മഹാ അപരാധവുമല്ല. കുറ്റുപത്രം സമര്‍പ്പിക്കും മുന്‍പ് തന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ട യുവാക്കള്‍ മാവോയിസ്റ്റുകലാണെന്ന് മുമ്പും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും. അലനും താഹയും സിപിഎം പ്രവര്‍ത്തകരല്ലെന്നും പിണറായി അന്ന് പറഞ്ഞിരുന്നു. അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അലന്‍ ഷുഹൈബിനും താഹ ഫസലും മാവോയിസ്റ്റുകളാണെന്നും തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.

പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *