വസ്ത്രത്തിന്റെ കാര്യം വരുമ്പോൾ രാജ്യം മോദിയെ ഓർക്കുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി:രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിച്ച ശത്രുക്കൾക്ക് സാധിക്കാത്തതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധധർണയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

നരേന്ദ്രമോദി നടത്തിയ വസ്ത്രപരാമർശത്തെയും രാഹുൽ ഗാന്ധി പരോക്ഷമായി വിമർശിച്ചു. വസ്ത്രത്തിന്റെ കാര്യം വരുമ്പോൾ രാജ്യം മോദിയെ ഓർക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് കോടി രൂപ വിലവരുന്ന സ്യൂട്ട് ധരിച്ചത് നിങ്ങളാണ്, അല്ലാതെ രാജ്യത്തെ ജനങ്ങളല്ലെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു.

വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുമ്പോൾ ,​ അവരെ ലാത്തിച്ചാർജ് ചെയ്യുമ്പോൾ,​ മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുമ്പോൾ, നിങ്ങൾ രാജ്യത്തിന്റെ ശബ്ദമാണ് അടിച്ചമർത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സത്യാഗ്രഹത്തിന് തുടക്കംകുറിച്ചത്. തുടർന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗും രാഹുൽ ഗാന്ധിയും ഭരണഘടനയുടെ ആമുഖം വായിച്ചു. എ.കെ.ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ തുടങ്ങിയ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരായ കമൽനാഥ്, അശോക് ഗെലോട്ട് എന്നിവരും സത്യാഗ്രഹത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *