മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച്‌ സിപിഎം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ തലസ്ഥാനത്തു നടന്ന സംയുക്തസമരത്തെ തള്ളിപ്പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച്‌ സിപിഎം.

സങ്കുചിത സിപിഎംവിരുദ്ധ നിലപാടു മാത്രം കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രകടിപ്പിക്കുന്നതു ഖേദകരമാണ്‌. ശബരിമല പ്രശ്‌നത്തിൽ സുപ്രീംകോടതി വിധിക്കെതിരെ ആർഎസ്‌എസുമായി യോജിച്ചു കർമസമിതിയിൽ പ്രവർത്തിക്കാൻ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‌ ഇന്ത്യയെ നിലനിർത്താനുള്ള വിശാല പോരാട്ടത്തിനു സിപിഎമ്മുമായി സഹകരിക്കാനാവില്ലെന്നു പറയുന്നത്‌ എത്രമാത്രം സങ്കുചിതമാണ്‌–സിപിഎം ആഞ്ഞടിച്ചു. യോജിച്ച പ്രക്ഷോഭങ്ങളിൽ എല്ലാവരും ഇനിയും ഒരുമിച്ചു നിൽക്കണമെന്നു തന്നെയാണു സിപിഎം നിലപാടെന്നു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. തലസ്ഥാനത്തെ സംയുക്ത സമരത്തിന്റെ തുടർച്ചയായാണു മനുഷ്യച്ചങ്ങലയെ കാണുന്നത്. യോജിക്കാവുന്ന എല്ലാവർക്കും അതിൽ പങ്കെടുക്കാൻ കഴിയണം. പൗരത്വനിയമവിരുദ്ധ പ്രക്ഷോഭത്തിൽ മതപരമായ ഉള്ളടക്കം ഉപേക്ഷിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

അതേസമയം,  മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‍ലീം ലീഗ് എന്നിവരുടെ സഹകരണ സമീപനത്തെ പേരെടുത്ത് അഭിനന്ദിച്ചതും ശ്രദ്ധേയമായി  പ്രതിപക്ഷ നേതാവിന്റെ സമീപനവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ലീഗ്‌ നേതൃത്വത്തിന്റെയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നതുമാണെന്നു രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം ചൂണ്ടിക്കാട്ടി. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ എല്ലാവരും കൈകോർക്കുകയാണു വേണ്ടത്‌. മാറിയ രാഷ്‌ട്രീയ സാഹചര്യം തിരിച്ചറിഞ്ഞു നിലപാട് എടുക്കണമെന്ന ഉമ്മൻചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *