അഭ്രപാളിയില്‍ വീരഗാഥ രചിച്ച ഛായഗ്രഹനെ അഭിനേതാക്കള്‍ മറന്നു

ശാന്തികവാടത്തില്‍ രാമചന്ദ്രബാബുവിന് നിത്യശാന്തി


കെ.സി.വിശാഖ്                                                                                                                  

തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച രാമചന്ദ്രബാബു സിനിമാ ലോകത്ത് ആരായിരുന്നു എന്ന് ചോദിച്ചാല്‍, ആ ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി മേക്കപ്പിട്ട് നിന്നവരുടെ കണക്കെടുത്താല്‍ മാത്രം മതിയാകും. അതില്‍ ഏട്ടന്‍, ഇക്ക, അച്ഛായന്‍, ലേഡി സൂപ്പര്‍സ്റ്റാറുകള്‍ പിന്നെ, പ്രശസ്തരും അപ്രശസ്തരുമായ കലാകാരന്‍മാരുടെ നീണ്ട നിരതന്നെ ചൂണ്ടിക്കാണിക്കാനുമാവും.

ഒരു ക്യാമറാമാന്‍ എന്നതിലുപരി കാലഘട്ടങ്ങള്‍ കടന്ന് വര്‍ണ്ണങ്ങള്‍ ചാലിച്ച കലാകാരനായിരുന്നു മുന്നൂറോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിച്ചുള്ള രാമചന്ദ്രബാബുവെന്ന സിനിമാക്കാരുടെ ബാബുവേട്ടന്‍. സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ തുടങ്ങി കളറും പിന്നീട് കളര്‍ഫുള്ളും ആയി മാറിയപ്പോള്‍ ക്യാമറയോടൊപ്പം സഞ്ചരിച്ച കലാകാരന്‍. വര്‍ണ്ണങ്ങളുടെ ചാലിച്ചെഴുത്തില്‍ തനിക്ക് മുമ്പും ശേഷവും എന്ന് വിശേഷണം ചരിത്രം നല്‍കുന്ന മഹത് വ്യക്തിത്വം.

രാമചന്ദ്ര ബാബുവിന്റെ ഭൗതിക ശരീരത്തിനരികെ അന്തരിച്ച സംവിധായകന്‍ പത്മരാജന്റെ അനന്തരവനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഹരികുമാര്‍.

                                               ചിത്രം: കടവില്‍


എന്നാല്‍ ഇഹലോകവാസത്തില്‍ നിന്ന് രാമചന്ദ്രബാബു വിടവാങ്ങിയപ്പോള്‍ പ്രതിബദ്ധതയില്ലാത്ത സിനിമാ ലോകത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇന്ന് തലസ്ഥാന നഗരിക്ക് കാണാന്‍ കഴിഞ്ഞത്. രാമചന്ദ്രബാബുവിന്റെ മൃതദേഹം വഴുതക്കാട് കലാഭവനിലും പേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിലും പൊതു ദര്‍ശനത്തിന് വച്ചശേഷമായിരുന്നു തൈയ്ക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇവിടെയൊന്നും അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയ ഒരു മുഖങ്ങളും കാണാന്‍ കഴിഞ്ഞില്ലാ എന്നത് തലസ്ഥാനനഗരത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് തെല്ലൊന്നുമല്ല വേദന നല്‍കിയത്.

തിരിഞ്ഞ് നോക്കാന്‍ ആളില്ലാത്ത പോലെ ഒരു തിരിച്ച് പോക്ക്. പ്രശസ്തരായ ഒരൊറ്റ സിനിമാക്കാരനും ഇല്ലാത്ത അവസാന യാത്രാമൊഴി. രാമചന്ദ്രന്‍ വര്‍ണ്ണങ്ങളുടെ ലോകത്ത് നിന്ന് വീണ്ടും ബ്ലാക്ക് ആന്‍ഡ് വൈറ്റിലേക്ക് മാറിയ അനുഭവം. അദ്ദേഹത്തിന്റെ ഭൗതികശരീരം ദഹിപ്പിക്കുന്നനേരത്ത് തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാത്ത സൂപ്പര്‍സ്റ്റാറിനെ ചിലര്‍ പഴിക്കുന്നതും കേള്‍ക്കാമായിരുന്നു.
രാമചന്ദ്ര ബാബുവിന് യാത്രാമൊഴി നല്‍കാന്‍ നിരവധി സംഘടനകളെ പേറുന്ന സിനിമാ ലോകത്ത് നിന്നും ഒന്നൊരെണ്ടോ പേരൊഴിക്കെ ആരുമെത്താതെ ഒരു വിട വാങ്ങല്‍.

Leave a Reply

Your email address will not be published. Required fields are marked *