കാണിക്ക വരുമാനം 35.58 കോടി; എണ്ണാതെ 5 കോടി രൂപയുടെ നാണയങ്ങള്‍: ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല: ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ എണ്ണാതെ കെട്ടിക്കിടക്കുന്നത് ഏകദേശം 5 കോടി രൂപയുടെ നാണയങ്ങളെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു.

തിരുപ്പതി മാതൃകയിൽ തൂക്കി എടുക്കലും നീളുന്നു. തീർഥാടകരുടെ തിരക്കു കൂടിയതോടെ കാണിക്ക ഇനത്തിലെ വരുമാനവും വർധിച്ചു. ശനിയാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് കാണിക്ക വരുമാനം 35.58 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 25.65 കോടി രൂപയായിരുന്നു.

ഓരോ ദിവസവും കാണിക്കയായി വരുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിതീർക്കാൻ കഴിയുന്നില്ല. ദേവസ്വം ഭണ്ഡാരത്തിൽ 2 ഭാഗത്തായി നാണയങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഒരിടത്ത് ഒരാൾ ഉയരത്തിലും വേറെ 2.5 മീറ്റർ ഉയരത്തിലും കുമിഞ്ഞു കൂടി കിടക്കുന്നു. തിരുപ്പതിയിലെ പോലെ നാണയങ്ങൾ തരംതിരിച്ച് തൂക്കി എടുക്കുന്നതിനുളള ചർച്ചകൾ പലതലത്തിൽ‌ നടന്നു. നാണയം തരം തിരിക്കുന്നതിനു ധനലക്ഷ്മി ബാങ്ക് 2 യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്.

ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ, ധനലക്ഷ്മി ബാങ്ക് പ്രതിനിധി, ദേവസ്വം വിജിലൻസ് ഓഫിസർ, അയ്യപ്പ സേവാസംഘം പ്രതിനിധി എന്നിവർ അടങ്ങുന്ന കമ്മിറ്റി നാണയങ്ങൾ തരംതിരിച്ച് തൂക്കി മൂല്യം പരിശോധിച്ചു. ഒന്ന്,രണ്ട്,അഞ്ച് രൂപകളുടെ വിവിധ തരം നാണയങ്ങളുടെ തൂക്കം റിസർവ് ബാങ്കിന്റെ മാനദണ്ഡം അനുസരിച്ചു കണക്കാക്കി. ദേവസ്വം ബോർഡ്, അക്കൗണ്ട്സ് ഓഫിസർ, വിജിലൻസ് എസ്പി എന്നിവർക്കും റിപ്പോർട്ട് നൽകി. തൂക്കി എടുക്കാൻ ബോർഡ് അനുമതി നൽകി. ഹൈക്കോടതിയുടെ കൂടി അനുമതി വാങ്ങി നടപ്പാക്കാനാണു തീരുമാനം

 

Leave a Reply

Your email address will not be published. Required fields are marked *