അസമിൽ അക്രമത്തിൽ നിന്നു വിട്ടുനിൽക്കുന്നവർക്ക് അഭിനന്ദനം: മോദി

ഡുംക : പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമിൽ സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘അസമിൽ അക്രമങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു. അവർ സമാധാനപരമായ രീതിയിൽ അഭിപ്രായങ്ങൾ ചൂണ്ടിക്കാണിക്കുന്നു.’ – പ്രധാനമന്ത്രി പറഞ്ഞു. ജാർഖണ്ഡിലെ ഡുംകയിൽ‌ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിനെയും പ്രധാനമന്ത്രി രൂക്ഷഭാഷയിൽ വിമർശിച്ചു. 370–ാം വകുപ്പ് റദ്ദാക്കിയപ്പോഴും അയോധ്യ കേസിൽ സുപ്രീം കോടതി വിധി വന്നപ്പോഴും പാക്കിസ്ഥാന്‍ എന്തു ചെയ്തോ അതു തന്നെ ചെയ്ത പാർട്ടിയാണ് ഇപ്പോൾ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും അവരുടെ അനുയായികളും തീപടർത്തുകയാണ്. അക്രമം പ്രചരിപ്പിക്കുന്നവരെ വളരെ വേഗം തിരിച്ചറിയാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തിൽ ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്താമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ജാർഖണ്ഡിൽ പറഞ്ഞിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കും. ക്രിസ്മസിനു ശേഷം ഇതുമായി ബന്ധപ്പെട്ടു തീരുമാനമുണ്ടാക്കാമെന്നും ഷാ പറഞ്ഞു. അതേസമയം പൗരത്വ നിയമത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാൾ ഉൾപ്പെടെയുള്ള സ്ഥങ്ങളിലും ശക്തമായ പ്രക്ഷോഭങ്ങൾ തുടരുകയാണ്. അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റയാളാണ് ഒടുവിൽ മരിച്ചത്. എന്നാൽ ഇതു പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *