ഒരുകൂട്ടം വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം : വനിതാ മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു.

വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതായി ചൂണ്ടിക്കാട്ടി തിരുവനന്തപുരം പ്രസ് ക്ലബിനു മുന്നിൽ രാവിലെയും വൈകിട്ടും ഒരുകൂട്ടം  വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ വൈകിട്ട് പ്രസ് ക്ലബിലെത്തിയ പൊലീസ് എം.രാധാകൃഷ്ണനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രസ് ക്ലബിലെത്തി കന്റോൺമെൻറ് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.  സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി നേരത്തെ കേസെടുത്തിരുന്നു. കേസെടുത്ത പേട്ട പൊലീസ് സ്റ്റേഷനിലേക്കാണ് രാധാകൃഷ്ണനെ കൊണ്ടു പോയത്. പ്രസ് ക്ലബിൽ അണിചേർന്ന ഒരുകൂട്ടം വനിതാ മാധ്യമപ്രവർത്തകർ സെക്രട്ടറിയുടെ രാജിക്കായി മുദ്രാവാക്യം വിളിക്കുന്നതിനിടെ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഉൾപ്പെടെയുളളവർക്കെതിരെ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

 

Leave a Reply

Your email address will not be published. Required fields are marked *