സുഡാനിൽ കളിമൺ ഫാക്ടറിയിലെ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് 23 പേർ വെന്തുമരിച്ചു

ഖാർത്തോം: വടക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കളിമൺ ഫാക്ടറിയിലെ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് 13 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ വെന്തുമരിച്ചു. 130 പേർക്ക് പൊള്ളലേറ്റു.

അപകടത്തിൽ മലയാളിൽ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടില്ല. സുഡാൻ തലസ്ഥാനമായ ഖാർത്തോമിനു സമീപം ബാഹ്റി മേഖലയിലെ സീല സിറാമിക് ഫാക്ടറിയിൽ ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം.ഫാക്ടറിയിലേക്കുള്ള എൽ.പി.ജി ഇറക്കുന്നതിനിടെയാണ് ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ടാങ്കർ പൂർണമായും ചിതറിത്തെറിച്ചു. ഇതോടെ ഫാക്ടറിയ്ക്കുള്ളിലേക്കും തീ പടരുകയും ജീവനക്കാരെ അഗ്നി വിഴുങ്ങുകയുമായിരുന്നു.

ആകെ 68 ഇന്ത്യൻ ജീവനക്കാരാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ ഫാക്ടറി ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്.

പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൽ കഴിയാത്തതിനാൽ മരണസംഖ്യ സംബന്ധിച്ച് സ്ഥിരീകരണം വൈകും. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ ഫാക്ടറിയിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തിൽ സുഡാൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണ സാധ്യത അഥികൃതർ തള്ളിക്കളയുന്നില്ലെങ്കിലും അപകടം തന്നെയെന്നാണ് പ്രാഥമിക നിഗമനമെന്ന് ബാഹ്റി പ്രാദേശിക പൊലീസ് മേധാവി ബ്രിഗേഡിയർ ജനറൽ ഹസൻ അബ്ദുള്ള പറഞ്ഞു.

അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം സുഡാൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് എംബസി അധികൃതരെ ഉദ്ധരിച്ച് സുഡാനീസ് വാർത്താ ഏജൻസിയായ സുനാ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുടർന്ന് 16 ഇന്ത്യൻ ജീവനക്കാരെ കാണാതായെന്നാണ് ഫാക്ടറി അധികൃതരുടെ വിശദീകരണം. തമിഴ്നാട്, ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഫാക്ടറിയിലെ ഇന്ത്യൻ ജീവനക്കാരിൽ അധികവുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *