ഇന്ത്യയുമായി ഉന്നതതല ഉഭയകക്ഷി ബന്ധം ആഗ്രഹിക്കുന്നെന്ന് ശ്രീലങ്കൻ പ്രസിഡന്റ്

ന്യൂഡൽഹി : ഇന്ത്യ–ശ്രീലങ്ക ഉന്നതതല ഉഭയകക്ഷി ബന്ധം ആഗ്രഹിക്കുന്നെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.

പത്തു ദിവസം മുമ്പാണ് ശ്രീലങ്കയുടെ പ്രസിഡന്റായി ഗോട്ടബയ അധികാരമേറ്റത്. സുരക്ഷയും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും.

‘ഇന്ത്യ സന്ദർശനത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ ഏറെ ഉയർന്നതാണ്. പ്രസിഡന്റെന്ന നിലയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം വളരെ ഉന്നത തലത്തിലേക്കു കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ചരിത്രപരമായും രാഷ്ട്രീയപരമായും ഞങ്ങൾക്ക് ദീർഘകാല ബന്ധമുണ്ട്. സുരക്ഷ, സാമ്പത്തിക വികസനം, ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങളുടെ ക്ഷേമം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്’– രാജപക്സെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *