യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം. കെഎസ്‌യു മാർച്ചിനുനേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കല്ലേറിൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിന്റെ തലയ്ക്ക് പരുക്കേറ്റു. കെഎസ്‌യു പ്രവർത്തകരും കോളജിലേക്കു കല്ലേറു നടത്തി. തുടർന്ന് ഇരുപക്ഷത്തും വിദ്യാർഥികൾ ഒത്തുചേർന്ന് മുദ്രാവാക്യം മുഴക്കിയതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.

യൂണിവേഴ്സിറ്റി കോളജിലെ കെ‌എസ്‌യു പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു വൈകിട്ട് കോളജിനു മുന്നിലേക്ക് കെഎസ്‌യു പ്രകടനം നടത്തിയത്. ഈ പ്രകടനത്തിനു നേരെ കോളജിൽനിന്ന് കല്ലേറുണ്ടായി. തിരിച്ച് കെഎസ്‌യു പ്രവർത്തകരും കല്ലെറിഞ്ഞു.

പ്രതിപക്ഷ നേതാവും സ്ഥലത്തെത്തി കെഎസ്‌യു പ്രവർത്തകരോടൊപ്പം റോഡിൽ കുത്തിയിരുന്നതോടെ മറുവശത്ത് എസ്എഫ്ഐ പ്രവർത്തകരും റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.

പ്രതിപക്ഷനേതാവ് എത്തിയതറിഞ്ഞ് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് കെഎസ്‌യു, കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്സിറ്റി കോളജിനു മുന്നിലേക്കെത്തി. ഇതോടെ കൂടുതൽ പൊലീസും സുരക്ഷയൊരുക്കാനെത്തി. അക്രമികൾ യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസ് അഡീഷനൽ കമ്മിഷണർ ഹർഷിത അട്ടല്ലൂരിയോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പ്രിൻസിപ്പലിനെ കാണാനെത്തിയ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐക്കാർ ആക്രമിക്കുകയായിരുന്നെന്നും പൊലീസ് ഏകപക്ഷീയമായി പെരുമാറരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ കേസെടുക്കുമെന്ന് എസിപി അറിയിച്ചെങ്കിലും അറസ്റ്റു ചെയ്യാതെ പിൻമാറില്ലെന്ന് കെ‌എസ്‌യു നേതാക്കൾ പറഞ്ഞു. അക്രമികളുടെ പട്ടിക പ്രതിപക്ഷനേതാവ് പൊലീസിനു കൈമാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പ്രതിപക്ഷനേതാവ് പ്രതിഷേധം അവസാനിപ്പിക്കാൻ തയാറായില്ല.

അക്രമികളെ അറസ്റ്റുചെയ്യുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതോടെ സമരം അവസാനിക്കുന്നതായി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. കല്ലേറിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട സംഘർഷത്തിലും പ്രതിഷേധത്തിലും നഗരം ഗതാഗതക്കുരുക്കിൽ മുങ്ങി.

സ്ഥലത്ത് പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Leave a Reply

Your email address will not be published. Required fields are marked *